ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസി മലയാളിക്ക് കൂടി ഭാഗ്യമെത്തി; ഇത്തവണ ഒരു കിലോ സ്വര്‍ണം

0

അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഒരു മലയാളിക്ക് കൂടി ഭാഗ്യമെത്തി. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലാണ് ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ്, ഇപ്പോള്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.

ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കുന്നു. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം അടക്കനാവാത്ത സന്തോഷം മറച്ചുവെച്ചില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയതിന്റെ എല്ലാ ആഹ്ലാദവും ആ വാക്കുകളിലുണ്ടായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് അവസാനിപ്പിക്കാനും സന്ദീപിന് പദ്ധതിയില്ല. എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തുടര്‍ന്നും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഒക്ടോബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും സ്വമേധയാ ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. ഈ പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റുകളെടുക്കുന്ന എല്ലാവര്‍ക്കും നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടാനും അവസരമുണ്ടാകും. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഒക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാം. ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.