രാജ്പഥ് ഇനിയില്ല, പകരം കര്‍ത്തവ്യപഥ്

0

ന്യൂഡൽഹി: രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് മാറ്റി നിശ്ചയിച്ചത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.

രാജ്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്. നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്റെ പേര് മാറ്റിയത്.

കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന് പേര് നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷം കിംഗ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി. പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത്. സെപ്റ്റംബര്‍ എട്ട് മുതല്‍ കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നിലവില്‍ വരും.