അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ്; അവധി പിൻവലിച്ച് AIIMS,അടിയന്തര ശസ്ത്രക്രിയകൾ നടക്കും

0

അയോധ്യ പ്രതിഷ്‌ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നൽകിയ അവധി പിൻവലിച്ച് AIIMS. അടിയന്തര ശസ്ത്രക്രിയകൾ നടത്തും.മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ പിന്നീട് നടത്തും. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവധി പിൻവലിച്ചത്.

22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിയെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു.

റാം മനോഹർ ലോഹ്യ ആശുപത്രി ഉൾപ്പെടെ ഡൽഹിയിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. “ഈ ആശുപത്രിയിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളും/വകുപ്പുകളും, ഒപിഡി, ലാബ് സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ 2024 ജനുവരി 22 ഉച്ചയ്ക്ക് 2:30 വരെ അടച്ചിടാൻ തീരുമാനിച്ചു-രാം മനോഹർ ലോഹ്യ ആശുപത്രിയുടെ സർക്കുലറിൽ പറയുന്നു.

ഒപിഡി രജിസ്ട്രേഷൻ കൗണ്ടറുകൾ ഉച്ചയ്ക്ക് 1.30ന് തുറക്കുമെന്നും മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് അടിയന്തര സേവനങ്ങൾ തുടരുമെന്നും ആശുപതി അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ‘അർദ്ധദിനം’ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്‍മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22ന് അവധിയാണ്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂര്‍ണ്ണ അവധിയായിരിക്കും. പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.