ലോകത്തെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോൺ നിർമിക്കാൻ നിർമാതാക്കളെതേടി ജിയോ

0

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്‌ഫോൺ ജിയോഫോൺ നെക്‌സ്റ്റ് നിർമിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോർട്ട്. സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് കമ്പനിയയ ഫ്‌ളെക്‌സ്, കാർബൺ മൊബൈൽ ഫോണുകളുടെ നിർമാതാക്കളായ യുടിഎൽ എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

ചർച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോൺ നിർമിക്കുകയെന്നും ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനികൾ ഇതേക്കുറിച്ച് ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ 44-ാമത് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി പുതിയ ആൻഡ്രോയിഡ് ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്കുതാഴെയാകും വിലയെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. 50കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോൺ നെക്‌സ്റ്റ് അവതരിപ്പിക്കുന്നത്.

ജിയോഫോൺ, ജിയോഫോൺ 2 എന്നിവയ്ക്ക് ശേഷമാണ് ജിയോഫോൺ നെക്സ്റ്റ് വരുന്നത്. ജിയോഫോൺ 1, ജിയോഫോൺ 2 എന്നിവ പ്രധാനമായും ചില സ്മാർട് സവിശേഷതകളുള്ള ഫീച്ചർ ഫോണുകളായിരുന്നു. എന്നാൽ, ജിയോഫോൺ നെക്സ്റ്റ് ആൻഡ്രോയിഡ് ഫീച്ചറുകളുള്ള ഒരു പൂർണ സ്മാർട് ഫോണാണ്. ഈ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളും പ്രവർത്തിക്കും.

ഗൂഗിൾ, ജിയോ ടീമുകൾ സംയുക്തമായി മികച്ച സ്മാർട് ഫോണായ ജിയോഫോൺ നെക്സ്റ്റ് വികസിപ്പിച്ചെടുക്കുന്നത്. 2 ജിയിൽ നിന്ന് 4 ജി കണക്റ്റിവിറ്റിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്കായാണ് ജിയോഫോൺ നെക്സ്റ്റ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ജിയോയ്‌ക്കായി ഗൂഗിൾ പ്രത്യേകമായി രൂപകൽപന ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ് ലൗഡ്, ഇന്ത്യൻ ഭാഷകളിലേയ്ക്ക് വിവർത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാൽറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ടാകുമെന്നും വർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.