എന്‍റെ അമ്മയ്ക്ക് സംഭവിച്ചത് മേഗനും സംഭവിക്കുമോ എന്ന് ഭയപ്പെട്ടു: പ്രിന്‍സ് ഹാരി

0

ലണ്ടന്‍: പ്രിന്‍സ് ഹാരിയും ഭാര്യ മേഗൻ മാർക്കിളിനെയും കുറിച്ചുള്ള ഡോക്യുമെന്‍ററി പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. ആറ് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയില്‍ ദമ്പതികളുടെ പ്രണയകഥകളിലേക്കും രാജകുടുംബത്തിന്‍റെ ഭാഗമായിരുന്ന കാലത്ത് അവർ അഭിമുഖീകരിച്ച പ്രശ്‌നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഡോക്യൂമെന്‍ററിയില്‍ ഉള്ളത് എന്നാണ് പൊതുവില്‍ വിലയിരുത്തല്‍. ഒരു എപ്പിസോഡിൽ, രാജകുടുംബത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റത്തിന്റെ ചരിത്രത്തെക്കുറിച്ച് പ്രിന്‍സ് ഹാരി തുറന്നടിക്കുന്നുണ്ട്.

“ഈ കുടുംബത്തിലേക്ക് വിവാഹം കഴിക്കുന്ന സ്ത്രീകളുടെ വേദനയും കഷ്ടപ്പാടും, വളരെ ഉന്മാതമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്” ഹാരി പറഞ്ഞു. മാധ്യമങ്ങളുടെ കടന്നുകയറ്റം മേഗനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാകും എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും പ്രിന്‍സ് ഹാരി പറയുന്നു.

ഡോക്യുമെന്‍ററിയില്‍ സംസാരിച്ച മേഗൻ മാർക്കിൾ ഹാരിയുമായുള്ള വിവാഹനിശ്ചയ ചടങ്ങിനെ ഒരു “ചിട്ടപ്പെടുത്തിയ റിയാലിറ്റി ഷോ” എന്നാണ് വിളിച്ചത്. ആ ചടങ്ങിനായി റിഹേസല്‍ പോലും നടത്തിയെന്ന് മേഗൻ പറയുന്നു. കെൻസിംഗ്ടൺ പാലസ് ഗാർഡനിലെ ആ ചടങ്ങില്‍ ഞങ്ങള്‍ ഞങ്ങളുടെ ഭാഗം പറയാന്‍ അനുവാദം ഇല്ലായിരുന്നു. അതിന് പ്രധാന കാരണം അവർക്ക് ഞങ്ങളെ] ഇഷ്ടമല്ലയിരുന്നു. ഭാര്യയുടെ ഈ അഭിപ്രായം ഹാരിയും സമ്മതിച്ചു.

ഹാരി മേഗനെക്കുറിച്ച് വേവലാതിപ്പെടുന്നുവെന്നും അവൾ തന്‍റെ അമ്മ ഡയാനയെ പോലെ അവസാനിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തി. മേഗനെ വിവാഹം കഴിക്കുമ്പോൾ “ചരിത്രം ആവർത്തിക്കുമോ” എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ ചെയ്ത കാര്യങ്ങളോടും ഞാൻ അത് എങ്ങനെ ചെയ്തു എന്നതിനോടും അടിസ്ഥാനപരമായി വിയോജിക്കുന്ന ആളുകൾ ലോകമെമ്പാടും ഉണ്ടാകുമെന്ന് അറിയാം, പക്ഷേ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യണം എന്ന് എനിക്ക് അറിയാമായിരുന്നു. പ്രത്യേകിച്ച് എന്‍റെ അമ്മയുടെ മരണം സംഭവിച്ചതിന് ശേഷം.” ഹാരി പറഞ്ഞു.

2005-ൽ നാസി വേഷം ധരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച ഹാരി അത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നു എന്ന് പറഞ്ഞു. ആ കാര്യത്തില്‍ എനിക്ക് പിന്നീട് വലിയ നാണക്കേട് തോന്നി അദ്ദേഹം പറഞ്ഞു.

മേഗൻ മാർക്കലിന്‍റെ അമ്മ ഡോറിയയും ഡോക്യുമെന്‍ററിയില്‍ സംസാരിച്ചു. ഹാരി രാജകുമാരനെ ആദ്യമായി കണ്ടുമുട്ടിയതും. മേഗനും, ഹാരിയും ഡേറ്റിംഗിലാണെന്ന് താൻ എങ്ങനെ കണ്ടെത്തിയെന്നും മേഗന്‍റെ അമ്മ വിവരിച്ചു. ഡോക്യുമെന്‍ററിയില്‍ അമ്മ-മകൾ ബന്ധത്തെക്കുറിച്ചും ഡോറിയ പറയുന്നു. അമ്മയെ ഒരു രക്ഷിതാവിനേക്കാൾ അവളുടെ മൂത്ത സഹോദരിയെ പോലെയാണ് തനിക്ക് തോന്നിയത് എന്ന് മേഗൻ പറഞ്ഞതായി ഡോറിയ അനുസ്മരിച്ചു.