ശബരിമല യുവതിപ്രവേശന കേസിൽ സുപ്രീം കോടതി നാളെ വിധി പറയും

0

ന്യൂഡല്‍ഹി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന.

56 പുനപരിശോധന ഹർജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാൻ കഴിയുക.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണു കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.‌

ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ച 2018 സെപ്‌തംബർ 28ലെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക.

മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ഇതിനെതിരെ സുപ്രിംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹർജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും എത്തി. ശബരിമല യുവതീ പ്രവേശന വിധി ഒരു വർഷം പിന്നിടുമ്പോഴാണ് പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി വിധി പറയുന്നത്.

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുനപരിശോധന ഹർജികളും റിട്ട് ഹർജികളും ഉൾപ്പെടെ 56 പരാതികളാണ് സുപ്രീം കോടതിയിൽ എത്തിയത്. മേയിൽ ഹർജികളിൽ വാദം കേട്ടശേഷം വിധി പ്രസ്‌താവത്തിന് മാറ്റിവയ്‌ക്കുകയായിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യം കാത്തിരുന്ന അയോദ്ധ്യ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാനും പകരം അഞ്ചേക്കർ പള്ളി പണിയുന്നതിനായി നൽകണമെന്നുമായിരുന്നു വിധി. ഇതിനെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ശബരിമല യുവതി പ്രവേശം.വിധി എന്തായാലും അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ പ്രതികരിച്ചു. തങ്ങൾക്ക് ശുഭപ്രതീക്ഷയാണെന്നും എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും പദ്‌മകുമാർ പറഞ്ഞു.