അമിതഭാരമുള്ള പൂച്ചയെ ആരുമറിയാതെ വിമാനത്തില്‍ കയറ്റി; യുവാവിനെതിരെ ശിക്ഷാനടപടിയുമായി വിമാനക്കമ്പനി

0

അമിതഭാരമുള്ള വളർത്തുപൂച്ചയെ വിമാനത്താവള അധികാരികളെ പറ്റിച്ച് വിമാനത്തിൽ കയറ്റി. എന്നാൽ വിമാനത്തിലിരുന്ന് പുച്ചയ്ക്കൊപ്പം സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തതോടെ കുടുങ്ങി. മോസ്കോയിലാണ് സംഭവം. മിഖായേൽ ഗാലിൻ എന്ന 34കാരനാണ് അമിതഭാരമുള്ള പൂച്ചയെ അധികാരികൾ കാണാതെ വിമാനത്തിൽ കയറ്റിയത്.

എയര്‍ലൈന്‍കാരെ ഒരിക്കല്‍ പറ്റിച്ച ശേഷം രണ്ടാമതും എത്തിയപ്പോഴാണ് യുവാവിനെ പിടികൂടിയത്. എയറോഫ്ലോട്ട് എന്ന റഷ്യന്‍ വിമാനക്കമ്പനിയുടെ നിയമങ്ങള്‍ അനുസരിച്ച് എട്ട് കിലോയില്‍ അധികമുള്ള വളര്‍ത്തുമൃഗങ്ങളെ ക്യാബിന്‍ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഈ ചട്ടം തട്ടിപ്പ് വഴിയിലൂടെ മറികടന്നതിനും വീണ്ടും വിമാനക്കമ്പനിയെ പറ്റിക്കാന്‍ ശ്രമിച്ചതിനുമാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ പൂച്ചയ്ക്ക് പത്ത് കിലോയാണ് ഭാരം.

വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാളുടെ പക്കലുണ്ടായിരുന്ന പൂച്ചയെ കൂട്ടിലാക്കിയായിരുന്നു ചെക്ക് ഇന്‍ സമയത്ത് പരിശോധന യുവാവ് മറികടന്നത്. പരിശോധന കഴിഞ്ഞ് വിക്ടറിനെ ആ കൂട്ടില്‍ കയറ്റി ചെറിയ പൂച്ചയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍ വിമാനത്തിനുള്ളില്‍ വച്ച് യുവാവ് എടുത്ത ചിത്രമാണ് സംഭവം എയര്‍ലൈന്‍ ജീവനക്കാരുടെ ശ്രദ്ധയിലെത്തിച്ചത്. വിന്‍ഡോ സീറ്റില്‍ ഗാലിന് ഒപ്പമിരിക്കുന്നതും വൈന്‍ഗ്ലാസിനൊപ്പം വിക്ടര്‍ ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ഗാലിന്‍ ഫേസ്ബുക്കില്‍ ഇട്ടതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

മിഖായേലിന് നൽകിയിരുന്ന എല്ലാ പ്രത്യേകാനുകൂല്യങ്ങളും റദ്ദാക്കുകയാണെന്നും ഇനി മുതൽ തങ്ങളുടെ സേവനം ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ മോസ്കോയില്‍ നിന്ന് വ്ലാഡിവോസ്റ്റോകിലേക്ക് പോവാനായി ഗലിന്‍ വീണ്ടും പൂച്ചയുമായി എത്തിയപ്പോഴാണ് അധികൃതര്‍ ഇയാളെ കയ്യോടെ പൊക്കിയത്. പൂച്ചയെ കൈമാറുന്നതിന്റെ ഇടയ്ക്കാണ് പിടിവീണത്. എന്നാൽ ശിക്ഷയിൽ ദുഖമില്ലെന്നും വളർത്തുമൃഗങ്ങളുടെ ഭാരം കുറയ്ക്കണമെന്ന നിയമം പരിഹാസ്യമാണെന്നും മിഖായേൽ പറഞ്ഞു.