ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് വിവാഹം സെപ്‌റ്റംബർ നാലിന്

0

കോഴിക്കോട്: ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവിന്‍റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെയും വിവാഹം സെപ്തംബര്‍ നാലിന്. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്.

ഫെബ്രുവരി മാസമാണ് ആര്യയും സച്ചിന്‍ ദേവും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്.