എ.ടി.എം. കാർഡുകളുടെ രാത്രി ഉപയോഗത്തിന് നിയന്ത്രണം ഏർപെടുത്തി എസ് ബി ഐ

0

കൊച്ചി: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). രാത്രി 11 മുതൽ രാവിലെ ആറു മണി വരെയുള്ള എ.ടി.എം സേവനങ്ങൾക്കാണ് എസ് ബി ഐ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് ബാങ്കിന്‍റെ വിശദീകരണം. നിലവിൽ 40,000 രൂപ വരെ എ.ടി.എം. വഴി മറ്റു അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ 24 മണിക്കൂറും സൗകര്യമുണ്ടായിരുന്നു.

രാത്രി 12ന് തൊട്ടുമുമ്പും 12 മണിക്കു ശേഷവും കാര്‍ഡ് മുഖേന പണം പിന്‍വലിക്കുന്നത്‌ കൂടുതലാകുന്നത് ശ്രദ്ധയിൽ പെട്ടതോടെചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറു മണിവരെ ഈ സൗകര്യം പൂർണമായി നിർത്തിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.