ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസം കൊണ്ട് നേടിയത് 100 കോടി

1

ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് രണ്ട് ദിവസത്തിനകം നേടിയത് 110.52 കോടി.  ദംഗലിലൂടെ ശ്രദ്ധേയയായ സെയ്‌റ വാസിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ച ആമിര്‍ ഖാന്‍ ഇതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ചിത്രം 43.35 കോടി രൂപ കളക്ഷന്‍ നേടി. രണ്ടാം ദിവസം 10.45 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ കളക്ഷന്‍ (ഏതാണ്ട് 66.7കോടി ഇന്ത്യന്‍ രൂപ). ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്.

ഓഡിയന്‍സ് റേറ്റിംഗില്‍ ചിത്രം ദംഗലിനേക്കാള്‍ മുന്നേറിയിരിക്കുന്നതായാണ് പറയുന്നത്. ദംഗല്‍ ചൈനയില്‍ 200 മില്യണ്‍ ഡോളര്‍ കളക്ഷന്‍ (ഏതാണ്ട് 1276.6 കോടി ഇന്ത്യന്‍ രൂപ) കടന്നിരുന്നു. 1459 കോടി രൂപയിലധികമാണ് ദംഗല്‍ ചൈനയില്‍ നേടിയത്. ലോകത്താകെ 2000 കോടിയിലധികം രൂപ ദംഗല്‍ നേടിയിരുന്നു. ലോകത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ദംഗല്‍ ഇടം പിടിച്ചിരുന്നു.