ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

1

ദുബായ്: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബായ് പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.

‘വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു വഴിയാണ് അതിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും’ കേണല്‍ അല്‍ ഹജരി പറഞ്ഞു.യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.

യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു.