‘ഞങ്ങള്‍ തമ്മില്‍ അടിച്ചു പിരിഞ്ഞിട്ടൊന്നുമില്ല’ ; വിനീതിന്റെ പുതിയ ചിത്രത്തില്‍ സംഗീതം ചെയ്യാത്തതിനെ കുറിച്ച് ഷാന്‍ റഹ്മാൻ

0

സംഗീത രംഗത്തെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും തമ്മിലുള്ളത്. നിരവധി ചിത്രങ്ങൾക്കുവേണ്ടി ഒറ്റകെട്ടായി പ്രവർത്തിച്ച് ഒരുപാട് ഹിറ്റുകൾ വാരികൂട്ടിയിട്ടുണ്ട് ഈ സൗഹൃദം. എന്നാല്‍ ഇവര്‍ തമ്മില്‍ പിരിഞ്ഞോ എന്നാണ് ചിലരുടെ സംശയം.

വിനീത് ശ്രീനിവാസന്റെ പുതിയ സംവിധാന സംരഭമായ ഹൃദയം എന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് താനല്ലെന്ന് ഷാൻ വ്യക്തമാക്കിയതോടെയാണ് ഈ സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയം എന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്. പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇപ്പോഴിതാ ഞങ്ങള്‍ അടിച്ചു പിരിഞ്ഞിട്ടില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി ഷാന്‍ റഹ്മാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഷാന്‍ കുറിച്ചു. വിനീതിനും എനിക്കുമിടയില്‍ ഒരു പ്രശ്‌നവുമില്ല. ‘അവര്‍ തമ്മില്‍ അടിച്ചു പിരിഞ്ഞു’വെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം കുഞ്ഞെല്‍ദോയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനിടയിലും ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വളരെ പ്രതിഭയുള്ള ഒരു വ്യക്തയാണ് ഹിഷാം. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഹൃദയത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഹിഷാമായിരിക്കും. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സനേഹിക്കുന്നു. ഹൃദയത്തിന് വേണ്ടി ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കുമെന്നും ഷാൻ വ്യക്തമാക്കി.