റിസോട്ടില്‍ വോണിനൊപ്പം 4 സുഹൃത്തുക്കള്‍; രക്ഷിക്കാന്‍ 20 മിനിറ്റ് തീവ്രശ്രമം

0

സിഡ്നി: തായ്‌ലൻഡിലെ കോ സാമുയി റിസോട്ടിൽ അനക്കമില്ലാതെ കിടന്ന ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ജീവൻ രക്ഷിക്കാനായി സുഹൃത്തുക്കൾ തീവ്രശ്രമം നടത്തിയിരുന്നതായി തായ് പോലീസ്. റിസോട്ടിലെ സ്വകാര്യ വില്ലയിൽ വോണിനൊപ്പം നാല് സുഹൃത്തുകളുണ്ടായിരുന്നുവെന്നും ആംബുലൻസ് എത്തുന്നതുവരെ ഇവർ ഏകദേശം 20 മിനിറ്റോളം അദ്ദേഹത്തിന് സിപിആർ നൽകിയിരുന്നതായും തായ് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്താൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വോൺ മരിച്ചത്.

വില്ലയിൽ വോണിനൊപ്പമുണ്ടായിരുന്ന നാലുപേരും വ്യത്യസ്ത മുറികളിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചമുതൽ വൈകീട്ട് വരെ എല്ലാവരും ഉറത്തിലായിരുന്നു. പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിയോടെ സുഹൃത്തുകളിൽ ഒരാൾ ഭക്ഷണം കഴിക്കാൻ വോണിനെ വിളിക്കാൻ എത്തിയപ്പോഴാണ് മുറിയിൽ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് മറ്റു മൂന്ന് സുഹൃത്തുക്കളെയും വിളിച്ചു വരുത്തി വോണിന് സിപിആർ നൽകി. തായ് ഇന്റർനാഷ്ണൽ ആശുപത്രിയിലെത്തിച്ച ശേഷം വൈകീട്ട് 6.53നാണ് ഡോക്ടർ മരണം സ്ഥിരീകരിച്ചുവെന്നും പോലീസ് പറഞ്ഞു.

മരണത്തിന് പിന്നാലെ പോലീസ് സംഘം വോണിന്റെ മുറിയിലെത്തി നടത്തിയ പരിശോധനയിൽ അസ്വഭാവികമായി ഒന്നു കണ്ടെത്തിയിട്ടില്ല. മരണകാരണം അറിവായിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും ബോ പുട് പോലീസ് ഓഫീസറായ ചാറ്റ്ചാവിൻ നാക്മുസികിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോ സാമുയി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

തായ്‌ലൻഡിലെ വോണിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി തായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പയിൻ പറഞ്ഞു.