പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

0

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഹൃദയാഘാതമാണ് മരണകാരണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തരചികിത്സയില്‍ തുടരവെ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ ശ്രദ്ധ നേടിയ സോമദാസ് പിന്നീട് ആരാധകരുടെ പ്രിയങ്കരനാവുകയായിരുന്നു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

കൊല്ലം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍. കോളേജ് എന്നിവടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.