പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് സൂരജ് ഉത്രക്ക് ഉറക്കഗുളിക നൽകി

0

കൊട്ടാരക്കര ∙ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും ജ്യൂസിലും ഉറക്കഗുളിക പൊടിപൊടിച്ചു ചേർത്തു നൽകിയതായി ഭർത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നൽകി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തിൽ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി.

മാർച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തിൽ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂർഖനെ ശരീരത്തിലേക്ക് എറിയും മുൻപ് ഗുളിക ചേർത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസിൽ മരുന്ന് പൊടിച്ചു ചേർത്തത്.

5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. 29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത്.