സൗമ്യ വധക്കേസ്; ഇവിടെ നീതി ലഭിച്ചത് ആര്‍ക്കാണ് ?

0

പെണ്മക്കള്‍ ഉള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി പോലെയാണ് ഇന്ന് സൗമ്യ വധകേസിലെ സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ തോന്നിയത് .ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയെന്ന ചെന്നായയെ വധശിക്ഷ ഇളവു ചെയ്തുകൊണ്ട് വെറും ഏഴു വര്‍ഷത്തെ ശിക്ഷ മാത്രമാക്കി ചുരുക്കിയിരിക്കുന്നു എന്ന് .ക്രൂരമായി വേട്ടയാടപെട്ട ഇരയ്ക്ക് നീതി ഇല്ല ,പക്ഷെ വേട്ടക്കാരന് നീതി ഉണ്ട് ,ന്യായം ഉണ്ട് ,ഒടുവില്‍ മനുഷ്യാവകാശവും ഉണ്ടത്രെ .

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയ വിധിയെ ഞെട്ടലോടെയാണ് ഇന്ന് കേരളം കേട്ടത് .വധശിക്ഷയ്‌ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതി വിധി.വെറും ഏഴ് വര്‍ഷം കഠിന തടവാണ് ഗോവിന്ദചാമിക്ക് വിധിച്ചത്.സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ആരാണെന്നോ എടുത്തുചാടിയതാണെന്നോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ഗോവിന്ദ ചാമി ശിക്ഷയില്‍ നിന്നും രക്ഷനെടിയത് .302 വകുപ്പ് പ്രകാരം കൊലക്കുറ്റം തെളിയിക്കാനായില്ല. 376ാം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റം മാത്രമാണ് ചുമത്തിയത്. സാക്ഷിമൊഴികള്‍ അവ്യക്തമായതിനാല്‍ ബലാത്സംഗ കുറ്റത്തിനുള്ള പരമാവധി ശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഏഴ് വര്‍ഷം കഠിന തടവ് എന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷവും ഏഴ് മാസവും തടവ് അനുഭവിച്ച ഗോവിന്ദചാമിക്ക് ഇനി ഒന്നേക്കാല്‍ വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയത്രെ.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂര്‍ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്

04895-ാം നമ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന സാക്ഷി മൊഴിയും , സംഭവം നടന്നെന്ന് കരുതുന്ന സമയത്ത് പരിസരത്ത് ഗോവിന്ദച്ചാമിയെ കണ്ടെന്ന മൊഴിയും ,എന്തിനു സൗമ്യയുടെ ദേഹത്തെ ഗോവിന്ദച്ചാമിയുടെ നഖക്ഷതങ്ങള്‍, ഗോവിന്ദച്ചാമിയുടെ ദേഹത്തെ സൗമ്യയുടെ നഖക്ഷതങ്ങള്‍,ഗോവിന്ദച്ചാമിയുെട ഡിഎന്‍എ പരിശോധനാ ഫലം,മരണകാരണം പീഡനമാണെന്നും അക്രമമാണെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്നും കോടതി കണ്ടില്ലേ .പക്ഷെ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിടാന്‍ സാധിക്കുമോയെന്നു കോടതിക്ക് സംശയം .

സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാര്‍ട്‌മെന്റിനു മുന്നിലുള്ള ജനറല്‍ കോച്ചിലെ യാത്രക്കാരന്റെ മൊഴിയില്‍ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഉപദ്രവിക്കാന്‍ ഒരാള്‍ വരുമ്പോള്‍ മാനത്തിനു വേണ്ടി ആ നിമിഷം ഒരു പെണ്‍ക്കുട്ടി ട്രെയിനില്‍ നിന്നും ചാടിയേക്കാം.പക്ഷെ പിന്നാലെ ചെന്ന് അവളെ ക്രൂരമായി ഉപദ്രവിച്ചു മൃതപ്രായയാക്കിയവന്‍ തന്നെയല്ലേ കൊലയാളി .

നീതി പീഠത്തിനു തെളിവുകളാണു വേണ്ടത്‌. തെളിവില്ലാതാക്കാൻ കഴിവുള്ളവനു ഈ രാജ്യത്ത്‌ ആരേയും കൊല്ലാം.ശരിയായ തെളിവ്‌ ഹാജരാക്കാൻ പോലീസിനും പ്രോസിക്ക്യൂഷനുമായില്ല എന്നതും ഓര്‍ക്കണം .ഇവിടെ അപ്പോള്‍ ഈ വിധിക്ക് ഉത്തരവാദികള്‍ ആരെല്ലാം ആണ് .?
കുടുംബത്തിലെ ദാരിദ്രത്തിന് തന്നാല്‍ ആകും വിധം താങ്ങാകാന്‍ ജോലി ചെയ്തു ജീവിച്ച ഒരു പെണ്‍കുട്ടിയെ കാമവെറിയോടെ  ഇഞ്ചിഞ്ചായി കൊന്നവനു രക്ഷാ മാര്‍ഗം തുറക്കാന്‍ പരമോന്നതനീതി പീഠം കൂട്ടായി. സൌമ്യയുടെ അമ്മയുടെ ഹൃദയം തകര്‍ന്ന കരച്ചിലിനു ഏതു നിയമം ഉത്തരം നല്‍കും .ജയില്‍ ശിക്ഷ കഴിഞ്ഞു വരുന്ന ഗോവിന്ദ ചാമി അടുത്ത ഇരയെ വേട്ടയാടിയാലും ഇവിടെ നിയമം കണ്ണടയ്ക്കുമോ ?ഇവിടെ ഇനിയും സൗമ്യയും ,ജിഷയും ,നിര്‍ഭയയും ഉണ്ടായി കൊണ്ടേയിരിക്കണോ ?