വ്യാജരേഖ കേസിൽ ടീസ്ത സെതൽവാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു,​ ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

0

ഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി. ടീസ്തയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി അനുചിതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി വിമർശിച്ചു.

ടീസ്തയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ടീസ്തക്ക് കോടതി നിർദേശം നൽകി. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് ടീസ്ത സെതൽവാദിനെതിരായ കേസ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.