സൗബിന്‍റെ അച്ഛനായി സുരാജ്; ശ്രദ്ധേയമായി ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

0

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററിലെ സുരാജ് വെഞ്ഞാറമൂടിന്‍റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിൽ വൃദ്ധനായാണ് സുരാജെത്തുന്നത്. സൗബിൻ ഷാഹിറിന്‍റെ അച്ഛൻ കഥാപാത്രമാണ് സുരാജ് അവതരിപ്പിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.

മേക്കപ്പ് ആർട്ടിസ്റ്റ് റോണെക്സ് സേവിയറാണ് സുരാജിന്‍റെ ലുക്കിന് പിന്നിൽ. റഷ്യയിലും പയ്യന്നൂരിലുമായി ചിത്രീകരണം പൂർത്തീകരിച്ച ചിത്രം നവംബറിൽ തിയെറ്ററുകളിലെത്തും. സാനു ജോൺ വർഗീസാണ് ക്യാമറ. ബിജി ബാലാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കെന്‍റി സിർദോ, സൈജു കുറുപ്പ്, മേഘ മാത്യു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിനിമയിലെ സര്‍പ്രൈസായ താരം കെന്റി സിര്‍ഡോ എന്ന നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിറിന്റെ നായികയായാണ് കെന്റി സിനിമയിലെത്തുന്നത്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്‌സ് ഡിസൈന്‍ അസ്സോസിയേറ്റസിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.