സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കണക്കാനാണ് സാധ്യത. ഇതേതുടർന്ന് ഇന്ന് ഒൻപത് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനി,ഞായർ ദിവസങ്ങളിൽ പന്ത്രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങി ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മറ്റ് ദിവസങ്ങളിലെ ജാഗ്രത നിർദേശം:
25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
27-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

അതേസമയം ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.