ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ച് മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍

0

എത്യോപ്യയിലെ വിമാനാപകടത്തെ തുടര്‍ന്ന് പശ്ചാത്തലത്തില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചു. യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അതത് രാജ്യങ്ങളുടെ സിവില്‍ ഏവിയോഷന്‍ അതോറിറ്റികള്‍ അറിയിച്ചു.

യുഎഇയുടെ വ്യോമ പരിധിയില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തരുതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. നിര്‍ദ്ദേശത്തിന് പിന്നാലെ തങ്ങളുടെ 11 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയെന്ന് ഫ്‌ലൈ ദുബായ് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബോയിങ് 737-800 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃക്രമീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിമാനാപകടത്തിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുകയാണ്.