രുചിയേറിയ മാമ്പഴം ഏത്? ട്വിറ്ററിൽ മാമ്പഴ യുദ്ധം

0

പഴങ്ങളുടെ രാജാവായ മാങ്ങയുടെ രുചി ആസ്വദിക്കാത്തവരായി ആരുംതന്നെ കാണില്ല…അതുകൊണ്ടുതന്നെ ഓരോ മാമ്പഴക്കാലവും നമ്മുക്ക് ഉത്സവം തന്നെയാണ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് വീണ്ടും ഒരു മാമ്പഴക്കാലം കൂടെ വന്നെത്തിയപ്പോൾ മാങ്ങയെ കുറിച്ചുള്ള ചൂടൻ ചർച്ചകളും ഇതാ നിറഞ്ഞുകഴിഞ്ഞു.

അൽഫോൻസ മാമ്പഴം ഓവർ റേറ്റഡ് ആണെന്ന ഒരു ട്വീറ്റിന് പിന്നാലെയാണ് മാങ്ങ ചർച്ച ചൂടുപിടിച്ചത്. മാംഗോ വാർസ് എന്ന ഹാഷ്ടാഗിലാണ് മാങ്ങയെക്കുറിച്ചുള്ള ചർച്ച കൊഴുക്കുന്നത്. ഏറ്റവും ഊതിപ്പെരുപ്പിച്ച ഇനമാണ് അൽഫോൻസ. ബ്രാൻഡിന് പിന്നാലെ പോകുന്നവർക്ക് ശരിക്കും മാങ്ങ എന്താണെന്ന് ഒരു പിടിയുമില്ല. ദശാഹരി, ചൗസ, സഫേദ, മാൽഡ തുടങ്ങിയ ഇനങ്ങൾ പരീക്ഷിച്ചു നോക്കണമെന്നാണ് ട്വീറ്റിൽ പറയുന്നത്. അൽഫോൻസയുടെ ജനപ്രീതിയിൽ എതിർപ്പുമായി കൂടുതൽ ട്വീറ്റുകൾ എത്തിയെങ്കിലും അൽഫോൻസ ഫാൻസ് വിട്ടുകൊടുത്തില്ല.

അൽഫോൻസ ആണ് മാങ്ങ, ബാക്കിയൊക്കെ വെറും പഴങ്ങൾ എന്നാണ് ഇവരുടെ മറുപടി. അത്ര സുലഭമല്ലാത്ത ചില ഇനം മാങ്ങകളെക്കുറിച്ചും ട്വിറ്ററിൽ പരാമർശമുണ്ടായി. ഗോവൻ മൻകുരാഡ് മാങ്ങയോട് മത്സരിക്കാൻ ഒരു വെറൈറ്റിക്കുമാകില്ല എന്നാണ് മറ്റുചില ട്വീറ്റുകൾ.