നടൻ ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാ​ഗ്ദാനം; രണ്ട് പേർ പിടിയിൽ

0

ചെന്നൈ: നടൻ ആര്യയുടെ പേരിൽ വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്.

ഓൺലൈനിൽ വഴി പരിചയപ്പെട്ടാണ് പ്രതികൾ യുവതിയിൽ നിന്നും 65 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാ​ഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികൾ പിടിയിലായത്.