യുഎഇ തീരത്ത്‌ സൗദി എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം; ടാങ്കറുകൾക്ക് കനത്ത നാശനഷ്‌ടം

0

ദുബായ്: യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ രണ്ട് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നാലു ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെയാണ് നാല്‌ കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

നാല് കപ്പലുകൾക്കു നേർക്ക് ‘അജ്ഞാതരുടെ അട്ടിമറി ശ്രമം’ ഉണ്ടായെന്നാണ് യു.എ.ഇ മന്ത്രാലയം ആദ്യം വെളിപ്പെടുത്തിയത്. ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അതേസമയം, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ചില ശക്തികളുടെ ഗൂഢ നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. എന്നാൽ, ആളപായമോ ഇന്ധനചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടവയിൽ ഒരു ടാങ്കർ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്.വാണിജ്യകപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാൻ ഉൾക്കടലിൽ യു.എ.ഇയുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എന്നാൽ, അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാൻ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാൻ യു.എസ്. ഗൾഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, യു.എ.ഇ തുറമുഖത്തിനു സമീപം സ്‌ഫോടനമുണ്ടായതായി ഇറാൻ, ലെബനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും യു.എ.ഇ ഇതു നിഷേധിച്ചു. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽ പടയും ഇതിനോടു പ്രതികരിച്ചിട്ടില്ല.ആക്രമണത്തെ തുടർന്ന് സൗദിയും അമേരിക്കയും ഇറാനെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിട്ടില്ലെങ്കിലും വരും നാളുകൾ നിർണായകമാണ്.

ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സ്ഥിരീകരണമുണ്ടായതോടെ മദ്ധ്യ പൂർവേഷ്യൻ മേഖലയിലെ സംഘർഷത്തിന് ഒന്നുകൂടി ആക്കം കൂടി.സംഭവത്തെ തുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മോസ്കോ സന്ദർശനം റദ്ദാക്കി. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. സംശയമുന തങ്ങൾക്കു നേർക്കാണെന്ന് മനസിലായതോടെ ഇറാനും അന്വേഷണം ആവശ്യപ്പെട്ടു.