യുഎഇയില്‍ ജോലി നഷ്ടമായാലും ശമ്പളം ലഭിക്കും; പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

0

അബുദാബി: യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളായിരിക്കും തൊഴിലില്ലായ്‍മ ഇന്‍ഷുറന്‍സ് നടപ്പാക്കുക. ശമ്പളത്തിന്റെ 60 ശതമാനം തുക ജോലി നഷ്ടമായാലും ലഭിക്കുമെന്നതാണ് സവിശേഷത. പരമാവധി മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെയോ ആണ് ഈ പരിരക്ഷ കിട്ടുന്നത്. പരമാവധി 20,000 ദിര്‍ഹം മാത്രമേ ഇങ്ങനെ ഒരു മാസം ലഭിക്കൂ.

ഗുണഭോക്താക്കള്‍ നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണം. ജോലിയില്‍ തുടര്‍ച്ചയായ 12 മാസമെങ്കിലും പൂര്‍ത്തിയായ ശേഷം ജോലി നഷ്ടമാവുന്നവര്‍ക്കായിരിക്കും ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുക. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്ന ദിവസം മുതലായിരിക്കും ഇത് കണക്കാക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാം.

അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. തട്ടിപ്പ് നടത്താന്‍ ശ്രമിച്ചാലോ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളിലെ ജോലിയുടെ പേരിലോ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വന്തമായി ബിസിനസുകള്‍ നടത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.