ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

0

ബോളിവുഡിലെ ഇതിഹാസ നായകന് ഇന്ന് 80-ാം പിറന്നാള്‍ അര്‍ധരാത്രി 12 മണിക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ബച്ചന്‍റെ മുംബൈയിലെ വസതിയായ ജല്‍സയില്‍ ആശംസകളുമായി എത്തിയത് നിരവധി ആരാധകരാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ബച്ചന്‍ ബോളിവുഡില്‍ സജീവമാണ്. ബച്ചന്‍റെ പാരമ്പര്യം പ്രശംസനീയമാണ്, അദ്ദേഹത്തിന്‍റെ മകന്‍ അഭിഷേകും ഭാര്യ ജയയും ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബവും തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തിയിരുന്നു.

‘തലമുറകളായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്ത നടന്‍’ എന്ന അഭിസംബോധനയിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ആശംസകളുമായി എത്തിയത്. “അമിതാഭ് ബച്ചന്‍ ജിക്ക് 80-ാം ജന്മദിനാശംസകള്‍ നേരുന്നു. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. ദീര്‍ഘകാലം ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

”ഇതിഹാസം…നമ്മുടെ മഹത്തായ ഇന്ത്യന്‍ ചലച്ചിത്ര സാഹോദര്യത്തിന്‍റെ ഒരു യഥാര്‍ത്ഥ വികാരവും സൂപ്പര്‍ഹീറോയും 80-ല്‍ പ്രവേശിക്കുന്നു, എന്‍റെ പ്രിയപ്പെട്ടവനും ബഹുമാന്യനുമായ അമിതാഭ് ജിക്ക് ജന്മദിനാശംസകള്‍” എന്നാണ് തമിഴ് ഇതിഹാസ താരം രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പ്രമുഖതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള ആരാധകരും സോഷ്യല്‍ മീഡിയ വഴി ആശംസകളുമായി എത്തിയിട്ടുണ്ട്.