യു.എ.ഇ.യില്‍ പുതിയ തൊഴില്‍ നിയമം; പൂര്‍ണമായും സ്വദേശികള്‍ക്ക് മുന്‍ഗണന

0

യു.എ.ഇ.യില്‍ പുതിയ തൊഴില്‍ നിയമം നിലവില്‍ വരുന്നു. യു.എ.ഇ. നേതൃത്വത്തിനും പൗരന്മാര്‍ക്കും സ്വകാര്യ മേഖലയ്ക്കും അതുപോലെ തന്നെ എണ്ണയുഗത്തിന് ശേഷമുള്ള കാലഘട്ടത്തിനും അനുയോജ്യമായ രീതിയിലായിരിക്കും മാറ്റങ്ങളെന്നാണ് മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞത്.

പരിഷ്‌കരണങ്ങളിലൂടെ ദേശീയ അജണ്ട നടപ്പാക്കുകയാണ് യു.എ.ഇ നേതൃത്വത്തിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ അഞ്ച് ശതമാനവും, രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ ആറ് ശതമാനവും സ്വദേശികള്‍ളെ കൊണ്ടുവരുകയാണ് ഈ ലക്ഷ്യങ്ങളില്‍ പ്രധാനം. മാത്രമല്ല 2012-ഓടെ രാജ്യത്തെ 50 ശതമാനം തൊഴില്‍ ശക്തിയും സ്വകാര്യ മേഖലയില്‍ കൊണ്ടുവരാനും രാജ്യം ലക്ഷ്യമിടുന്നുണ്ട്.

വിവിധ ഘട്ടങ്ങളിലായായിരിക്കും തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ യു.എ.ഇ. നടപ്പിലാക്കുക. ഇതിലാദ്യത്തേത് ഈ വര്‍ഷം തന്നെ കൊണ്ടുവരാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. പൂര്‍ണമായും സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടായിരിക്കും ഇവ. ഇതിലൂടെ 2000 സ്വകാര്യ കമ്പനികളിലായി 400 പ്രൊഫഷനുകളിലേക്ക് നിലവില്‍ നടക്കാനിരിക്കുന്ന നിയമനങ്ങളില്‍ സ്വദേശികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും അല്‍ ഹമേലി വ്യക്തമാക്കി. സ്വകാര്യ-പൊതു മേഖലകളിലെ തൊഴിലിടങ്ങളില്‍ സ്വദേശികള്‍ക്ക് മാന്യമായ പരിഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ. ഭരണകൂടം കൊണ്ടുവന്ന എമിററ്റൈസേഷന്‍ പോളിസിയനുസരിച്ച് നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പുതിയ നിയമനിര്‍മ്മാണങ്ങള്‍ ആവശ്യമുണ്ടോയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. അതെസമയം സ്വദേശികള്‍ക്കനുകൂലമായ പുതിയ നിയമം കൊണ്ടുവരുമ്പോള്‍ എന്തെല്ലാം മുന്‍കരുതലുകളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

വിദേശികളായവര്‍ക്ക് കമ്പനികള്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് മുമ്പ് യോഗ്യതയുള്ള സ്വദേശികള്‍ക്ക് പരിഗണന ലഭിച്ചോ എന്ന് ഉറപ്പാക്കണമെന്ന് ഹ്യൂമണ്‍ റിസോഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രധാന സാമ്പത്തിക മേഖലകളില്‍ 15000 തൊഴിലുകള്‍ സ്വദേശികള്‍ക്കായ് സൃഷ്ടിക്കപ്പെടുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.