യുഎഇ താമസവീസ: 6 മാസത്തിൽ കൂടുതൽ പുറത്ത് കഴിഞ്ഞാൽ മാസം 100 ദിർഹം പിഴ

0

ദുബായ്: 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്കു പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. യുഎഇയിൽ തിരികെ പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നവർ 6 മാസം കഴിഞ്ഞുള്ള ഓരോ മാസത്തിനും 100 ദിർഹം പിഴ നൽകണം.

എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനകം നടപടി പൂർത്തിയാക്കി ഇമെയിൽ വഴി അറിയിക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിപി) അറിയിച്ചു. 6 മാസത്തിലധികം വിദേശത്തു കഴിഞ്ഞ റസിഡന്റ് വീസക്കാർക്ക് യുഎഇയിൽ തിരികെ പ്രവേശിക്കുന്നതിന്റെ റീ എൻട്രി പെർമിറ്റ് കഴിഞ്ഞ ദിവസമാണ് ഐസിപി പ്രഖ്യാപിച്ചത്.

നിശ്ചിത കാലാവധിയിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞതിന്റെ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നതാണ് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥ. പെർമിറ്റ് ലഭിക്കുന്നവർ 30 ദിവസത്തിനകം രാജ്യത്തു തിരികെ പ്രവേശിക്കുകയും വേണം. ഇ – സേവനങ്ങൾക്ക് 150 ദിർഹമാണ് ഫീസ് . ഇതിനു പുറമേയാണ് പ്രതിമാസം 100 ദിർഹം പിഴ. 30 ദിവസം കണക്കാക്കിയാണ് ഓരോ മാസത്തെയും പിഴ.

പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖ ഇല്ലാതിരിക്കുകയോ വിവരങ്ങൾ അപൂർണമോ അവ്യക്തമോ ആണെങ്കിലും നിരസിക്കും. ഇക്കാര്യം ഇമെയിൽ വഴി അറിയിക്കും. 3 തവണ നിരസിക്കപ്പെട്ട അപേക്ഷകൾക്ക് അടച്ച പണം അപേക്ഷിച്ച തീയതി മുതൽ 6 മാസത്തിനകം തിരികെ നൽകും. രാജ്യത്തിനകത്തുള്ള ബാങ്ക് അക്കൗണ്ടുകളിലക്കു മാത്രമാണ് പണം നൽകുക.

യുഎഇ തിരിച്ചറിയൽ കാർഡ് പകർപ്പ്, പാസ്പോർട്ട് കോപ്പി, 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ എന്നിവയാണ് പെർമിറ്റ് ലഭിക്കാൻ ആവശ്യമുള്ളത്.അപേക്ഷകളിൽ കാണിച്ച വിവരങ്ങളും വീസയുടെ തരവും അനുസരിച്ചു സേവന നിരക്കിൽ വ്യത്യാസം ഉണ്ടായിരിക്കും. കാലാവധിയുള്ള ഏതു തരം വീസയാണെങ്കിലും രാജ്യത്തിനു പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർക്കു പെർമിറ്റിന് അപേക്ഷിക്കാം.