ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു

0

ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു.

2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ കളിച്ച ഗോഡിൻ ടീമിന്റെ നായകനായിരുന്നു. 2019ലാണ് ക്ലബ് വിട്ട താരം പിന്നീട് ഇറ്റാലിയൻ ക്ലബുകളായ ഇന്റർ മിലാനും കഗ്ലിയാരിക്കുമായി കളിച്ചു. പിന്നാലെ ബ്രസീൽ ടീം അത്‌ലറ്റിക്കോ മിനെയ്‌റോക്കായിലെത്തിയ ഗോഡിൻ കഴിഞ്ഞ വർഷമാണ് വെലെസ് സാർസ്ഫീൽഡിലെത്തിയത്.

ദേശീയ ടീമിൽ 161 മത്സരങ്ങൾ കളിച്ച ഗോഡിൻ 8 ഗോളും നേടി. വിവിധ ക്ലബുകൾക്കും ദേശീയ ടീമിനുമൊപ്പം ലാ ലിഗ, യൂറോപ്പ ലീഗ്, കോപ്പ ഡെൽ റെ, യൂറോപ്യൻ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് കിരീട നേട്ടങ്ങൾ.