കാത്തിരിപ്പിനൊടുവില്‍ അവർ ആശ്വാസതീരമണഞ്ഞു…

0

നീണ്ട രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും വിമാനത്തവാളത്തില്‍ പ്രവാസികളെയും കൊണ്ട് ആദ്യ രണ്ട് വിമാനം പറന്നിറങ്ങി. ഉറ്റവരെയും ഉടയവരെയും ഒരുനോക്കുകാണാൻ ഇനിയും കുറച്ചു ദിനങ്ങൾ കൂടി കാത്തിരിപ്പ് തുടരണമെന്ന ഉത്തമ ബോധ്യത്തോടെയാണ് അവർ ജനിച്ച മണ്ണിൽ പറന്നിറങ്ങിയത്…

ദുബായ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് 189 പ്രവാസികളാണ് രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികളാണ്. 52 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പെടും. ദുബായ് വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂര്‍ മുന്നെയെത്തിയ യാത്രക്കാരുടെ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തിലേക്ക് കയറിയത്. ആരുടേയും ഫലം പോസിറ്റീവായിട്ടുമില്ല.

രാത്രി 10.30 ന് വിമാനത്താവളത്തിലെത്തിയ പ്രവാസികളെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇവരെ പുറത്തിറക്കിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കുമായി പോവാന്‍ അനുവദിച്ചത്. തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം, റാപ്പിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി.

ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോയത്.

കരിപ്പൂരിലെത്തിയ കോഴിക്കോട് ജില്ലക്കാരില്‍ 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്‍, ഇവരിലുള്‍പ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേര്‍ എന്നിങ്ങനെയുണ്ട്. ഇവര്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍,എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്.

രാത്രി 10.13 നാണ് വന്ദേ ഭാരത് മിഷന്റെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 30 യാത്രക്കാരെ വീതം വിമാനത്തിൽ നിന്നു പുറത്തിറക്കി. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ സ്കാനിങ്ങും നടത്തി.

ഇവരെ നെടുമ്പാശേരി വിമാനത്താളത്തിലെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റി. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാർ. ഇവരെ കളമശ്ശേരി എസ്‍സിഎംഎസ് കോളജ് ഹോസ്റ്റലിലേയ്ക്കാണ് മാറ്റിയത്.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 181 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. എമിഗ്രേഷന്‍ കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. അബുദാബിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും ദുബായില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും പ്രവാസികളെ യാത്രയാക്കാനെത്തിയിരുന്നു.