വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച; ചികിത്സയിലുള്ള 20ഓളം പേരുടെ നില ഗുരുതരം

0

വിശാഖപട്ടണത്ത് എല്‍ ജി കെമിക്കല്‍സില്‍ ഇന്നലെ അര്‍ദ്ധ രാത്രി വീണ്ടും വിഷ വാതക ചോര്‍ച്ച. 24 മണിക്കൂര്‍ മുമ്പുണ്ടായ ചോര്‍ച്ച അടക്കുന്നതിനിടെയാണ് രാത്രി 12 മണിയോടെ വീണ്ടും ചോര്‍ച്ച ഉണ്ടായത്. ഇതേ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചോർച്ച നിയന്ത്രിക്കാനുള്ള രാസവസ്തുക്കൾ ദാമനിൽ നിന്ന് എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റിൽ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വിശാഖപട്ടണം നഗരത്തിൽ ആളുകൾ കൂട്ടമായി വീടുവിട്ടിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചികിത്സയിൽ കഴിയുന്നവരിൽ 20ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പതിനൊന്നുപേരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചത്. വാതകം ചോരാനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അതിനിടെയാണ് വീണ്ടും വാതകം ചോര്‍ന്നത്. ദേശീയ സുരക്ഷ നിവാരണ ഏജന്‍സിയിലെ 50 ഓളം പേര്‍ രക്ഷാ പ്രവര്ത്തനത്തില്‍ പങ്കെടുത്തു. 2-3 കിലോമീറ്റര്‍ ഉളളവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ സന്ദീപ് ആനന്ദ് പറഞ്ഞു.

അശാസ്ത്രീയമായി രാസവസ്തുക്കൾ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീൻ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. ഇരുപത് ഡിഗ്രിസെൽഷ്യസിൽ കുറവ് താപനിലയിലാണ് ഇത് സൂക്ഷിക്കേണ്ടത്. എന്നാൽ ശീതീകരണസംവിധാനത്തിലെ പിഴവ് കാരണം താപനില കൂടി. സ്റ്റൈറീൻ വാതകമായി മാറി ചോർന്നുവെന്ന് വിശാഖപട്ടണം ജില്ലാ കളക്ടർ പറ‍യുന്നു.

വലിയ കണ്ടയ്നറിൽ നിന്ന് ചെറുതിലേക്ക് രാസവസ്തു മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ലോക്ക് ഡൗൺ കാരണം 40 ദിവസമായി കമ്പനിയിൽ ഉത്പാദനം നടന്നിരുന്നില്ല. രാസവസ്തുക്കൾ ഇങ്ങനെ കെട്ടിക്കിടക്കാൻ ഇടയാക്കിയതും ദുരന്തകാരണമായി. 213 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി 23 വർഷമായി വിശാഖപട്ടണത്ത് പ്രവർത്തിക്കുന്നുണ്ട്. 2018ൽ പ്ലാന്‍റ് വിപുലീകരിക്കാൻ കമ്പനിക്ക് സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയത് വിവാദമായിരുന്നു. ജനവാസമേഖലയിൽ പ്ലാന്‍റിന് അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നായിരുന്നു കണ്ടെത്തൽ. അതേ സമയം വെങ്കട്ടപുരത്ത് നിന്ന് ഒഴിപ്പിച്ചവരെ അന്തരീക്ഷം പഴയപടി ആയ ശേഷമേ വീടുകളിലേക്ക് മടക്കിയയക്കൂ. ഇതിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് കരുതുന്നു

മൂന്ന് കിലോമീറ്ററിലധികം പ്രദേശങ്ങളില്‍ വിഷവാതകം പരന്നു. പലരും കുഴഞ്ഞു വീണു. 11 പേരാണ് മരിച്ചത്. ചിലര്‍ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രികൡ പ്രവേശിപ്പിച്ചു. ലോക്ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന കമ്പനി കഴിഞ്ഞ ദിവസമാണ് തുറന്നത്. അപകടം നടക്കുമ്പോള്‍ 50 -ഓളം ജീവനക്കാര് കമ്പനിയില്‍ ഉണ്ടായിരുന്നു. വിശാഖപട്ടണത്തിനടുത്ത് ആര്‍ ആര്‍ വെങ്കിടപുരം ഗ്രാമത്തിലാണ് കമ്പനി.