ചലച്ചിത്ര -സീരിയൽ താരം രവി വള്ളത്തോൾ (67) അന്തരിച്ചു.

0

തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖം കാരണം
ചികിത്സയിലായിരുന്നതിനാൽ  ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു.


നാടകാചാര്യൻ ടി എൻ ഗോപിനാഥൻ നായരുടെയും  സൗദാമിനിയുടെയും മകനായി മലപ്പുറം ജില്ലയിലായിരുന്നു ജനനം ഭാര്യ -ഗീതാലക്ഷ്മി, മക്കളില്ല.
മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തിരവനാണ് രവി വള്ളത്തോൾ.
മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ഒരുകാലത്തു ദൂരദർശനിൽ  നിറസാന്നിധ്യമായിരുന്നു.

1996ൽ ദൂരദർശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛൻ  ടി.എൻ.ഗോപിനാഥൻ നായർ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.
ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.


ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഇതിൽ ഏതാനും കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി.

1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്‌വരയിൽ‍ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിയാണ് സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്.ശിശുവിഹാർ മോഡൽ ഹൈസ്കൂള്‍, തിരുവനന്തപുരം . മാർ ഇവാനിയോസ് കോളേജ്, കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.