“വെയില്‍ മരങ്ങള്‍” ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍……

0

ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിന് തിരശീല വീഴുകയാണ്. പല രാജ്യങ്ങളില്‍ നിന്നുമായി എത്തിയ മൂവായിരത്തില്‍പ്പരം എന്ട്രികളില്‍നിന്നും തിരഞ്ഞെടുത്ത മികവുറ്റ പതിനാല് സിനിമകള്‍ ആണ് പ്രധാന കാറ്റഗറിയില്‍ മാറ്റുരയ്ക്കുന്നത്. മലയാളസിനിമയുടെ  അഭിമാനമായി, ഡോ: ബിജു സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് പ്രധാനവേഷത്തില്‍ അഭിനയിച്ച “വെയില്‍ മരങ്ങള്‍” മത്സരത്തിലുണ്ട്.

പ്രധാനമായും നാല് ഭാഗങ്ങള്‍ ആയാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. “ഗോള്‍ഡന്‍ ഗോബ്ലെറ്റ്” അവാര്‍ഡിന് വേണ്ടിയുള്ള ഫിലിം കോമ്പറ്റീഷന്‍,  നിര്‍മ്മാതാക്കള്‍ക്ക് സിനിമ വിതരണക്കാര്‍ക്ക് വില്‍ക്കാന്‍ സാഹചര്യമൊരുക്കുന്ന SIFF  മാര്‍ട്ട്, ഫിലിം ഫോറം, ഫിലിം പനോരമ എന്നിവയാണ് അവ.

വര്‍ത്തമാനകാലത്തെ സംഭവവികാസങ്ങളെയും സാധാരണമനുഷ്യന്‍റെ ജീവിതങ്ങളെയുമാണ്  ഡോ:ബിജു തന്‍റെ സിനിമകളിലൂടെ എന്നും വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം കേരളക്കരയെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട് ഹിമാചല്‍പ്രദേശിലേക്ക് കുടിയേറ്റം നടത്തേണ്ടിവന്ന ഒരു കുടുംബത്തിന്‍റെ കഥയാണ്‌ “വെയില്‍ മരങ്ങള്‍” പറയുന്നത്. ഇന്ദ്രന്സിനോടൊപ്പം സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ എന്നിവര്‍ മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിമാചല്‍‌പ്രദേശിലാണ് സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പല ഭാവങ്ങളിലും രൂപങ്ങളിലും എത്തുന്ന ഋതുക്കള്‍ സിനിമയില്‍ ഒരു പ്രധാന ദൃശ്യാനുഭവമാണ്.      

 “The Eight Hundred”, “Chuanyue Shikong de Huhuan” എന്നീ ചൈനീസ്  സിനിമകളുടെ പ്രിമിയറോടുകൂടിയാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഇതിന് പുറമേ “Many Happy Returns, “Chicuarotes,” “Castle of Dreams” “Brotherhood” “The Great Spirit” “Little Nights, “Inhale-Exhale” “Rosa”, “Shyrakshy,  “Guardian of the Light”, “The Return”, “Spring Tide,” “Vortex”, Pacarrete”  “Lane 4” എന്നീ സിനിമകള്‍ മത്സരത്തിനായി പ്രദര്‍ശിപ്പിക്കും. പ്രശസ്ത ടര്‍ക്കിഷ് ഫിലിം ഡയറ ക്റ്റര്‍ Nuri Bilge Ceylan ആണ് ഫെസ്റ്റിവലിന്റെ ജൂറി ചെയര്‍മാന്‍. ചൈനീസ് നടന്മാരായ  Zhao Tao, Wang Jingchun,  മെക്സിക്കന്‍ നിര്‍മ്മാതാവ്  Nicolas Celis, ഇറ്റാലിയന്‍ ഡയറക്റ്റര്‍  Paolo Geovese , റഷ്യന്‍ ഡയറക്റ്റര്‍  Aleksey German Jr, ഇന്ത്യന്‍ ഡയറക്റ്റര്‍ Rajkumar Hirani എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഫിലിം ഫെസ്റ്റിവലില്‍ “വെയില്‍ മരങ്ങളെ” പ്രതിനിധീകരിച്ച് സംവിധായകനും പ്രധാന നടനായ ഇന്ദ്രന്‍സും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വിഷയങ്ങള്‍ തുറന്നു സംവദിക്കാന്‍,  ഡോ: ബിജു തന്‍റെ സിനിമകളെ എന്നും ആയുധമാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമ മേഖലയില്‍ നിന്നും ചില സഹപ്രവര്‍ത്തകരില്‍ നിന്നും ഇതിനെതിരെ പ്രത്യക്ഷവും പരോക്ഷവുമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. പക്ഷെ എല്ലാതരം വിമര്‍ശനങ്ങളെയും താന്‍ സൗമ്യനായി അവഗണിക്കുന്നുവെന്നും, നീറുന്ന സാമൂഹ്യപ്രശ്നങ്ങളില്‍ ചിലരുടെ മൗനം തന്നില്‍ അത്ഭുതമുള വാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ സിനിമയിലെ ചെറിയ സംഭവങ്ങള്‍പോലും  വലിയ വാര്‍ത്താപ്രാധാന്യത്തോടെ കേട്ടിഘോഷിക്കുന്ന മലയാളസിനിമാമേഖലയും പ്രേക്ഷകരും “വെയില്‍ മരങ്ങള്‍” ക്ക് ലഭിച്ച ഈ അസുലഭ മുഹുര്‍ത്തത്തിന് അര്‍ഹമായ പരിഗണന കൊടുത്തുവോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നിരുന്നാലും, വരും നാളുകളിലും മലയാള സിനിമയുടെ പ്രശസ്തി ഉയര്‍ത്തിപ്പിടിക്കുന്ന “വെയില്‍ മരങ്ങള്‍” പോലുള്ള സൃഷ്ട്ടികള്‍ ജനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.