ഇതാണ് ടീച്ചർ; വേദിയുടെ മുന്നിൽ നിന്ന് മൊത്തം ഡാൻസും കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുത്ത് അധ്യാപിക വൈറലാവുന്നു

0

നഴ്‌സറി ക്ലാസ്സിലെ കുഞ്ഞുങ്ങളെ ഡാൻസ് പഠിപ്പിക്കുക എന്നത് വളരെ പണിപ്പെട്ടൊരു കാര്യമാണ്. കുട്ടികൾ സ്റ്റേജിൽ കയറി അന്തവും കുന്തവും ഇല്ലാതെ നിൽകുമ്പോൾ സ്റ്റേജിന്റെ സൈഡിൽ നിന്നും സ്റ്റെപ്പുകൾ പറഞ്ഞു കൊടുക്കുവായിരുക്കും ഒട്ടുമിക്ക ഡാൻസ് ടീച്ചേഴ്‌സും. എന്നാൽ സ്റ്റേജിന്റെ മുന്നിൽ നിന്ന് കുട്ടികൾക്ക് സ്റ്റെപ് പറഞ്ഞു കൊടുക്കുന്ന ഈ ടീച്ചറാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വേദിയുടെ സൈഡിൽ നിന്നല്ല ടീച്ചർ ഡാൻസിന്റെ സ്റ്റെപ്പുകൾ കാണിച്ചു കൊടുക്കുന്നത്. വേദിയുടെ തൊട്ടുമുന്നിൽ നിന്ന് മൊത്തം ഡാൻസും കളിച്ചാണ് ഈ ടീച്ചർ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്നത്. എന്നാൽ കാഴ്ച്ചക്കാർ കുട്ടികളുടെ ഡാൻസിനിടയ്ക്ക് ടീച്ചറുടെ സ്റ്റെപ്പും ശ്രദ്ധിക്കുന്നുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ”മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…” എന്ന പാട്ടിനൊപ്പമാണ് കു‍ഞ്ഞുങ്ങളുടെയും ടീച്ചറുടെയും ചുവടുകൾ.

ആരാണീ ടീച്ചറെന്നോ കുട്ടികളെന്നോ വ്യക്തമല്ല. അഭിനന്ദനമറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റിൽ നിന്നാണ് ഇവർ നഴ്സറി കുട്ടികളാണെന്ന് തിരിച്ചറിയുന്നത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഓൺലൈനാണ് ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിച്ച ഈ ടീച്ചർ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് മാധ്യമങ്ങളിപ്പോൾ.