ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി വീണ്ടും വിയന്ന

0

വിയന്ന: 2023-ല്‍ ലോകത്തിലെ ഏറ്റവും ജീവിക്കാന്‍ യോഗ്യമായ നഗരമായി വിയന്ന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റിന്റെ വാര്‍ഷിക സൂചിക പ്രകാരം വിയന്ന കിരീടം നിലനിര്‍ത്തിയപ്പോള്‍ മറ്റ് യൂറോപ്യന്‍ നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ആദ്യ 10-ല്‍ നാല് യൂറോപ്യന്‍ നഗരങ്ങള്‍ മാത്രമാണ് ഇടം പിടിച്ചട്ടുള്ളത്. ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഒരു നഗരംപോലും ആദ്യ പത്തില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധയേമാണ്.

കോപ്പന്‍ഹേഗന്‍, ഡെന്‍മാര്‍ക്ക് (2), മെല്‍ബണ്‍, ഓസ്ട്രേലിയ (3), സിഡ്നി, ഓസ്ട്രേലിയ (4), വാന്‍കൂവര്‍, കാനഡ (5), സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ് (6), ജനീവ, സ്വിറ്റ്സര്‍ലന്‍ഡ് & കാല്‍ഗറി, കാനഡ (7), ടൊറന്റോ, കാനഡ (9), ഓക്ക്ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഒസാക്ക, ജപ്പാന്‍ (10) എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.

സൂചികയില്‍ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള നഗരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 73.5 സ്‌കോര്‍ നേടിയ ഏഷ്യ-പസഫിക് മേഖലയിലെ നഗരങ്ങള്‍ ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 69.1 എന്ന കണക്കില്‍ നിന്ന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയാണ് അവര്‍ തങ്ങളുടെ ഇന്‍ഡക്‌സ് മെച്ചപ്പെടുത്തിയത്.

അതേസമയം റിപ്പോര്‍ട്ടിന്റെ ഭാഗമായി പഠിച്ച 173 നഗരങ്ങളില്‍ പല നഗരങ്ങളും പാന്‍ഡെമിക്കിന്റെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവിതം കോവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തതിന്റെ ഫലം അവരുടെ സ്‌കോറുകളില്‍ കാണാന്‍ കഴിഞ്ഞട്ടുണ്ട്. എല്ലാ നഗരങ്ങളിലും (ഉക്രൈനിലെ കൈവ് ഒഴികെ) ശരാശരി ഇന്‍ഡെക്‌സ് സ്‌കോര്‍ ഒരു വര്‍ഷം മുമ്പ് 73.2 ആയിരുന്നതു ഇപ്പോള്‍ 100-ല്‍ 76.2-ല്‍ എത്തിയാട്ടുണ്ട്. ഏതാണ്ട് 40 നഗരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

എന്നാല്‍ പാന്‍ഡെമിക്കിന് ശേഷം 2022നെ അപേക്ഷിച്ച് ഭൂരിഭാഗം നഗരങ്ങള്‍ക്കും മെച്ചപ്പെട്ട മാറ്റമുണ്ടായിട്ടും, പല യൂറോപ്യന്‍ നഗരങ്ങളും റാങ്കിംഗില്‍ കൂടുതല്‍ താഴേക്ക് പോയി എന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. ചില നഗരങ്ങളില്‍ ഉക്രെയ്ന്‍ യുദ്ധത്തിന്റെ ഫലങ്ങള്‍ വേണ്ടുവോളമുണ്ട്.

2022 ല്‍ 7, 9 സ്ഥാനങ്ങള്‍ നേടിയ ഫ്രാങ്ക്ഫര്‍ട്ടും ആംസ്റ്റര്‍ഡാമും ഈ വര്‍ഷം ആദ്യ പത്തില്‍ നിന്ന് തന്നെ പുറത്തായി. സൂചികയില്‍ ഏറ്റവും വലിയ ഇടിവുള്ള യൂറോപ്യന്‍ നഗരങ്ങള്‍ യുകെയിലാണ്. കഴിഞ്ഞ വര്‍ഷം ആദ്യമായി 35-ാം സ്ഥാനത്തെത്തിയ എഡിന്‍ബര്‍ഗ് 2023-ല്‍ 58-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അതുപോലെ, ലണ്ടനും (2022-ല്‍ 34-ാം സ്ഥാനം), മാഞ്ചസ്റ്ററും (കഴിഞ്ഞ വര്‍ഷം 32-ാം സ്ഥാനം) ഈ വര്‍ഷം യഥാക്രമം 12, 16 സ്ഥാനങ്ങളിലേയ്ക്ക് വീണു. അതേസമയം പടിഞ്ഞാറന്‍ യൂറോപ്പ് അതിന്റെ സ്ഥാനം നിലനിര്‍ത്തി, കഴിഞ്ഞ വര്‍ഷത്തെ 91.4 സ്‌കോര്‍ ഈ വര്‍ഷം 92.3 ആയി മെച്ചപ്പെടുത്തി.

ഗ്ലോബല്‍ ലൈവബിലിറ്റി ഇന്‍ഡക്‌സ് മികച്ച നഗരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, നഗരജീവിത്തത്തിന്റെ ഭംഗി മാത്രമല്ല ഇക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് ടീം വിശകലനം ചെയ്യുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക രംഗം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് മൊത്തത്തിലുള്ള സ്‌കോര്‍ 100-ല്‍ നിര്‍ണ്ണയിക്കുന്നത്.