വൈശാഖ് – മോഹന്‍ലാല്‍ ടീമിന്‍റെ ബ്രഹ്മാണ്‍ഡ ചിത്രം പുലിമുരുകന്‍റെ ആരവമാണ് എവിടെയും.  മലയാളത്തിലെ ഏറ്റവും ബിഗ്‌ ബജറ്റ് സിനിമയായ പുലിമുരുകന്‍ ആദ്യദിവസം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.  മോഹന്‍ലാലിന്‍റെയും വൈശാഖിന്‍റെയും ഒപ്പം ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അതില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ് വിനു മോഹന്‍റെ കഥാപാത്രം.

മൂന്നു തലമുറയുടെ സിനിമാ പാരമ്പര്യമുള്ള തറവാട്ടില്‍ നിന്നും മലയാളസിനിമയിലെക്ക് വന്ന യുവനടനാണ് വിനു മോഹന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ക്രീനില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ വന്നുപോയിരുന്ന വിനുമോഹനു കിട്ടിയ ഒരു തകര്‍പ്പന്‍ തിരിച്ചു വരവാണ് ഈ ചിത്രവും മണിക്കുട്ടന്‍ എന്ന കഥാപാത്രവും.

ചിത്രത്തില്‍ ഉടനീളം നില്‍ക്കുന്ന ഒരു വേഷമായ, നായകന്‍ മോഹന്‍ലാലിന്‍റെ അനുജനായ മണിക്കുട്ടന്‍ എന്ന കഥാപാത്രം വിനുവിന് കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം കിട്ടുന്ന ഒരുമുഴുനീള കഥാപാത്രമാണ്.

ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 2007-ല്‍ പുറത്തുവന്ന നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍റെ അരങ്ങേറ്റം. പിന്നീട്  ഏകദേശം പതിനാറു ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ മലയാള സിനിമയിലെ ചരിത്രമായി മാറിയ പുലി മുരുകനില്‍ എത്തി നില്‍ക്കുന്ന വിനുവിന് ഇതൊരു രണ്ടാം തുടക്കമാവട്ടെ.