ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചു

0

ന്യൂഡല്‍ഹി: കോളീഫ്ളവർ ക്ലോണ്‍ഫ്‌ളോറില്‍ ഇട്ട് വറുത്തെടുത്ത്, തക്കാളിസോസും സോയ സോസും ചേര്‍ത്തുള്ള ഗ്രേവിക്കൊപ്പം ചേര്‍ത്ത് തയ്യാറാക്കുന്ന ഗോബി മഞ്ചൂരിയൻ ഭക്ഷണ പ്രിയരുടെയെല്ലാം പ്രിയപ്പെട്ട വിഭവമാണ്. ഇപ്പോഴിതാ ഗോബി മഞ്ചൂരിയന് ഗോവയിലെ മാപുസ പട്ടണത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍, കറിക്ക് രുചിയും മണവും കൂട്ടാന്‍ കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ഹോട്ടലുകളിലും സത്ക്കാര പരിപാടികളിലും മറ്റും ഗോബി മഞ്ചൂരിയന് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗോബി മഞ്ചൂരിയനെതിരേ രംഗത്തുവന്ന ആദ്യ ഗോവന്‍ നഗരമല്ല മാപുസ. 2022-ല്‍ ശ്രീ ദാമോദര്‍ ക്ഷേത്രത്തില്‍ നടന്ന വാസ്‌കോ സപാ ഉത്സവത്തിടെ സ്റ്റാളുകളില്‍ ഗോബി മഞ്ചൂരിയൻ വില്‍ക്കുന്നത് തടയണമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മോര്‍മുഗോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിരുന്നു.

വര്‍ഷങ്ങളായി ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. ചിക്കന്‍ മഞ്ചൂരിയന് ബദലായാണ് ഗോബി മഞ്ചൂരിയൻ രംഗപ്രവേശം ചെയ്തത്. 1970-ല്‍ മുംബൈയിലെ ചൈനീസ് റെസ്റ്റൊറന്റായ നെല്‍സണ്‍ വാങ് ആണ് ചിക്കന്‍ മഞ്ചൂരി ആദ്യമായി തയ്യാറാക്കിയത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ കാറ്ററിംഗ് നടത്തുമ്പോഴായിരുന്നു ഇത്. ചിക്കന്‍ നഗ്ഗെറ്റ്സ് എരിവുള്ള കോണ്‍ഫ്‌ളോര്‍ മാവില്‍ മുക്കിയെടുത്ത് നന്നായി വറുത്തെടുത്താണ് ചിക്കന്‍ മഞ്ചൂരിയൻ തയ്യാറാക്കുന്നത്. ഇത് വറുത്തെടുത്തോ അല്ലെങ്കില്‍ സോയ സോസ്, വിനാഗിരി, പഞ്ചസാര, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രേവി ചേര്‍ത്തോ ആണ് ചിക്കന്‍ മഞ്ചൂരി തയ്യാറാക്കുന്നത്. ഇതിന്റെ വെജിറ്റേറിയൻ ബദലാണ് ഗോപീ മഞ്ചൂരിയൻ.