യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും

0

ഡൽഹി: യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

‘കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്, സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഹർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്.

യുക്രൈനില്‍ നിന്ന് മകന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നവീന്റെ പിതാവ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടത് നവീന‍്‍‍ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജന്‍റും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഖ‍ാർഖീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെ ഖാര്‍ഗീവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്ന് യാത്രതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീൻ്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീൻ്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയയ്ക്കാനും തീരുമാനമായി. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി-17 വിമാനം നാളെ പുറപ്പെടും. നാളെ പുലർച്ചെ 4 മണിക്ക് സി-17 വിമാനം റൊമാനിയയിലേക്ക് യാത്ര തിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന് അയയ്ക്കാനും തീരുമാനമായി. അടുത്ത മൂന്ന് ദിവസങ്ങളിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങൾ സർവീസ് നടത്തും.