ഓസ്‌കർ പുരസ്‌കാര ചടങ്ങിനിടെ അവതാരകന്‍റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്

0

ലോസ് ആഞ്ചലസ്: 94 -മത് ഓസ്‌കർ പുരസ്‌കാര ദാന ചടങ്ങിനിടെ അവതാരകന്‍റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. അവതാരകനായ ക്രിസ് റോക്ക്, വിൽ സ്മിത്തിന്റെ ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനെ പരിഹസിച്ചതിന് പിന്നാലെ വേദിയിലെത്തി നടൻ അവതാരകന്‍റെ മുഖത്തടിക്കുകയായിരുന്നു. വിവാദത്തിൽ ഓസ്കർ അധികൃതർ ഔദ്യോ​ഗിക വിശദീകരണം നടത്തിയിട്ടില്ല.

ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതാണ് വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തിൽ ക്ഷുഭിതനായ വിൽ സ്മിത് സീറ്റിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറുകയായിരുന്നു. അവതാരകനെ അടിച്ചശേഷം തിരികെ ഭാര്യക്കരികിൽ പോയി ഇരുന്ന താരം “എന്റെ ഭാര്യയുടെ പേര് നിന്റെ വ‍ൃത്തികെട്ട വായിലൂടെ പറയരുതെന്ന്” പറഞ്ഞു.

വിഡിയോ ഇതിനോടകം ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു. അതേസമയം ഇത് സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്മിത്തിനാണ് ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം.