ഒമ്പത് കോടിയോളം വിലമതിക്കുന്ന ഷുമുഖ്; ‘സ്പിരിറ്റ് ഓഫ് ദുബായ്’

1

രത്നങ്ങളും,മുത്തുകളും പതിപ്പിച്ച് സ്വർണത്താൽ നെയ്തെടുത്ത കുപ്പി. അതിമനോഹരമായ ഈ കുപ്പിക്കുള്ളിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യം. ഇത് സൂക്ഷിക്കാൻ രണ്ട് മീറ്ററോളം ഉയരമുള്ള മനോഹരമായ പെട്ടി. ആരുകണ്ടാലും ഒന്ന് മോഹിച്ചു പോകുന്ന ഈ കുപ്പിയാണ് ഷുമുഖ്. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’ എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചു. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പരീക്ഷിച്ചെടുത്ത സുഗന്ധദ്രവ്യമാണുള്ളത്.

ഇന്ത്യയില്‍ നിന്നെത്തിച്ച ഊദുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം തയ്യാറാക്കിയത്. രൂപഭംഗികൊണ്ടുമാത്രമല്ല വിലയിലും ഷുമുഖ് മറ്റു പെർഫ്യൂമുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു. 47.52 ലക്ഷം ദിർഹം അതായത് ഇന്ത്യൻ രൂപയിൽ അതായത് എട്ടുകോടി അന്‍പത്തിയെട്ടുലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തോളം രൂപയാണ് ഷുമുഖിന്റെ വില.

വിലയിലും രൂപത്തിലും മാത്രമല്ല വേറെയും ഒട്ടനവധി പ്രത്യേകതകളുമുണ്ട് ഷുമുഖിന്. രണ്ടു ഗിന്നസ് റെക്കോർഡുകൾ കൂടുതൽ വജ്രങ്ങൾ പതിച്ച പെർഫ്യൂം കുപ്പി എന്നതിനാണ് ഒരു ഗിന്നസ് റെേക്കാഡ്‌. റിമോട്ട് കൺട്രോൾ വഴി ഉപയോഗിക്കാവുന്ന ഏറ്റവും ഉയരമേറിയ സുഗന്ധദ്രവ്യത്തിന്റെ കുപ്പി എന്നതാണ് മറ്റൊരു ഗിന്നസ് റെേക്കാഡ്‌.

മൊത്തം 38.55 കാരറ്റ് വരുന്ന 3571 വജ്രങ്ങളാണ് കുപ്പിയിലുള്ളത്. 8 കാരറ്റിന്റെ സ്വർണത്തിലാണ് ഇവ ഘടിപ്പിച്ചത്. സ്വർണം മാത്രം രണ്ടരക്കിലോയോളം വരും. അലങ്കാരപ്പണികൾക്കായി കുപ്പിയിൽ 5.8 കിലോയുടെ വെള്ളിയുമുണ്ട്. വിലയേറിയ മുത്തുകളും ആവശ്യാനുസരണം ഉപയോഗിച്ചിരിക്കുന്നു. ഇതിന്റെ നിർമിതിയിൽ ഇന്ത്യൻ സ്പർശവുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള മികച്ച ചന്ദനമാണ് ഇതിലെ ഒരു പ്രധാന ഘടകം. ഊദ്, ചന്ദനം, കസ്തൂരി എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. തുർക്കിയിൽ നിന്നുള്ള മികച്ച റോസാപ്പൂക്കളുടെ സുഗന്ധവും ഇതിൽ ലയിപ്പിച്ചിരിക്കുന്നു. ഇറ്റലിയിൽ നിന്നുള്ള വിശേഷപ്പെട്ട സ്ഫടികത്തിലാണ് കുപ്പിയുടെ നിർമാണം. സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്‌ധരാണ് കുപ്പിയിലെ അലങ്കാരപ്പണികൾ നിർവഹിച്ചത്.

ആവശ്യക്കാരന്റെ ഉയരത്തിനനുസരിച്ച് കുപ്പി റിമോട്ട് കണ്‍ട്രോള്‍ വഴി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. ഉയരം ക്രമപ്പെടുത്തിയ ശേഷം റിമോട്ട് അമര്‍ത്തിയാല്‍ പെര്‍ഫ്യൂം ശരീരത്തിലേക്ക് എത്തുമെന്നാണ് ഇതിന്റെ പ്രത്യേകത. 494 പരീക്ഷണങ്ങള്‍ നടത്തിയാണ് അമൂല്യമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയത്. മൂന്ന് ലിറ്ററാണ് കുപ്പിയിലുള്ള സുഗന്ധദ്രവ്യം. കാലിയായാല്‍ ഇഷ്ടത്തിനനുസരിച്ച് നിര്‍മാതാക്കള്‍ അത്രയും പെര്‍ഫ്യൂം പിന്നെയും നിറച്ചുതരും. അതിന് വേറെ വില നല്‍കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാം ഷുമുഖ്.

തൊലിപ്പുറത്ത് ഇത് പുരട്ടിയാൽ പന്ത്രണ്ട് മണിക്കൂർ വരെ സുഗന്ധം നിൽക്കും. വസ്ത്രത്തിലാണെങ്കിൽ ഒരു മാസം വരെയും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ദുബായ് മോളിലെ പാര്‍ക്ക് അവന്യൂവില്‍ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദര്‍ശനത്തിനുണ്ടാകുമെന്ന് നബീൽ പെർഫ്യൂംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അസ്ഗർ അദം അലി പറഞ്ഞു. വരും നാളുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷുമുഖിനെ പ്രദർശിപ്പിക്കും.

ഇതിന്റെ സവിശേഷതകൾ പറയുന്ന ബ്രോഷറും മറ്റൊരു അത്ഭുത കാഴ്ച്ചയാണ്. ഇതിലുമുണ്ട് വജ്രങ്ങളും മുത്തുകളും. 24 കാരറ്റ് സ്വർണത്തിലാണ് അമ്പതോളം വരുന്ന പേജുകൾ. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ചൈനീസ് ഭാഷകളിൽ ഇതിന്റെ വിശേഷങ്ങൾ ഈ സ്വണപേജുകളിൽ വിശദീകരിച്ചിരിക്കുന്നു. ഒരു ഇന്ത്യന്‍ വ്യവസായിയാണ് പെര്‍ഫ്യൂമിനു ആദ്യ ഓര്‍ഡര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.