പ്രഭാസുമായി എനിക്ക് മുൻപരിചയംപോലും ഇല്ല; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ വൈ.എസ്. ശർമിള

0

ഹൈദരാബാദ്: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർ‌ത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ‌ പ്രചരിപ്പിച്ച്‌ തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പരാതിയുമായി വൈ എസ് ആർ കോൺ​ഗ്രസ് നേതാവ് വൈ എസ് ശർമ്മിള. ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറിനു നേരിട്ട് ചെന്നാണ് ശർമിള പരാതി നൽകിയത്. ഭർത്താവ് അനിൽ കുമാറുമായി എത്തിയാണ് ശർമ്മിള പരാതി നൽകിയത്. ഒരമ്മയും ഭാര്യയുമായ തനിക്കെതിരെ ഇത്തരത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു. വൈ എസ് കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ജ​ഗമോഹൻ റെഡ്ഡിയുടെ സഹോദരിയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമാണ് വൈഎസ് ശർമ്മിള.താനും നടൻ പ്രഭാസും തമ്മിൽ പരിചയംപോലും ഇല്ലെന്നും ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശർമ്മിള പരാതിയിൽ പറയുന്നുണ്ട്.