ഉപഭോക്തൃസംസ്കാരവും വിശപ്പിന്റെ സമവാക്യങ്ങളും

0

അതിരുകളില്ലാത്ത പുതിയ ലോകക്രമത്തില്‍, നാം സാന്പത്തികമാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നു, ഓഹരി വിപണിയിലെ ലാഭനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു.  ഭക്ഷണം എങ്ങിനെ കഴിക്കണം, ഏതൊക്കെ പുതിയ 'റെസിപി' ഉണ്ടാക്കാം, എങ്ങിനെ അലങ്കരിക്കാം എന്നൊക്കെ വാചാലരാകുന്നു. പക്ഷെ ധനികന്‍ ഭക്ഷണം ദഹിക്കാന്‍ മൈലുകള്‍ നടക്കുകയും ദരിദ്രന്‍ ഭക്ഷണം കിട്ടാന്‍ മൈലുകള്‍ നടക്കുകയും ചെയ്യുന്ന ഈ ലോകത്ത് എത്രമാത്രം ഭക്ഷണം പാഴാക്കി കളയുന്നു എന്ന് നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?  ഈ ദുര്‍വ്യയത്തെ കുറിച്ച് 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയെര്‍സ്' പുറത്തു വിട്ട ഒരു പഠനമാണ് ഈ ലേഖനം എഴുതാനുള്ള പ്രചോദനം.
ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്നതിന്റെ 30 മുതല്‍ 50 ശതമാനം വരെ ഭക്ഷണം പാഴാക്കികളയുകയാണത്രേ. ലോകബാങ്കിന്റെ കണക്കുകള്‍ തെളിയിക്കുന്ന 'ലോകത്തിലെ 1.3 ബില്ല്യന്‍ ജനങ്ങള്‍ പൂര്‍ണ ദാരിദ്ര്യത്തില്‍ കഴിയുകയാണ്' എന്ന വസ്തുത ഇതോടൊപ്പം നാം കൂട്ടിവായിക്കണം. അതായത് ഈ നഷ്ടപ്പെടുന്ന 30-50 ശതമാനം സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചാല്‍ ഭൂമുഖത്തു നിന്ന് ഒരു പരിധി വരെ എങ്കിലും പട്ടിണി തുടച്ചുമാറ്റാന്‍ നമുക്ക് കഴിയും എന്നര്‍ത്ഥം. ഒരു അരിമണി പാഴാക്കാതിരിക്കുക എന്നതിനര്‍ത്ഥം ഒരു അരിമണി ഉല്പാദിപ്പിക്കുക എന്നു തന്നെ ആണ്. 2006ല്‍ ബെര്‍ലിനില്‍ വച്ച് നടന്ന ഫിലിം ഫെസ്റ്റിവലില്‌ പ്രദര്‍ശിപ്പിച്ച വെറും ആറു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള 'ചിക്കന്‍ അ ലാ കാര്‍ട്ടെ' എന്ന ഷോര്‍ട്ട് ഫിലിം ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ ഉള്ള ശക്തമായ ഒരു സന്ദേശം ആയിരുന്നു.. സന്പന്നസമൂഹം ചിരിച്ചുല്ലസിച്ച് കഴിച്ച് ബാക്കി വെക്കുന്ന ചിക്കന്‍ കഷണങ്ങള്‍ കുപ്പത്തൊട്ടിയില്‍ നിന്ന് ശേഖരിച്ചു എല്ല് നായകള്‍ക്കും മാംസം അനാഥകുട്ടികള്‍ക്കും സ്വന്തം കുട്ടികള്‍ക്കും ആയി വീതിച്ചു നല്‍കുന്ന ദൃശ്യം  വര്‍ഷങ്ങള്‍  കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകുകയില്ല.
വിപണന സംസ്കാരത്തിന്റെ ഉപോല്പന്നമാണ് ഈ പാഴാക്കലുകള്‍.  ഭോജനത്തെ വിശപ്പടക്കലിനു പകരം ആര്‍ഭാടം ആയി കാണാന്‍ നാം പഠിച്ചു. വിവാഹസല്‍ക്കാരങ്ങളിലും പിറന്നാള്‍ ആഘോഷങ്ങളിലും സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ ജപ്പാനീസ് മുതല്‍ മെക്സിക്കന്‍ വിഭവങ്ങള്‍ വരെ നമ്മുടെ ദര്‍ബാര്‍ ഹാളുകളില്‍ നിറഞ്ഞു കവിയുകയും അതിന്റെ നല്ലൊരു ഭാഗം മാലിന്യ കൂന്പാരങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിലേക്ക് എത്തിക്കുവാനുള്ള ഗുണമേന്മ ലഭിക്കുന്നില്ല എന്നതിന്റെ പേരില്‍ ടണ്‍ കണക്കിന് വിളകള്‍ ആണ് നശിപ്പിക്കപ്പെടുന്നത്‌. പഴങ്ങള്‍ സൂക്ഷിക്കുന്ന ഒരു 'കോള്‍ഡ്‌ സ്റ്റൊറൈജ് ഗോഡൌണ്‍' സന്ദര്‍ശിച്ച ഒരവസരത്തില്‍ ലേഖകന് കാണാന്‍ സാധിച്ചത്, വണ്ണം കുറഞ്ഞു പോയി, ഇത്തിരി കൂടുതല്‍ പഴുത്തു പോയി എന്നൊക്കെ കാരണങ്ങള്‍ കൊണ്ട് ദിവസവും ആയിരക്കണക്കിനു പഴങ്ങള്‍  ചവറ്റുകുട്ടയിലേക്ക് പോകുന്നതാണ്.

ഉപഭോക്താവ് എന്ന നിലയില്‍ ഈ പാഴ്ചെലവുകള്‍ തടയാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? ആവശ്യമുള്ളത് മാത്രം വാങ്ങുക.ആവശ്യമുള്ളതിലും കൂടുതല്‍ വാങ്ങുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിപണിയുടെ ചതിക്കുഴികളില്‍ പെടാതിരിക്കുക. ആകൃതി, വലിപ്പം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നാം മാറ്റിവെക്കാറുള്ള 'നല്ല' ഫലങ്ങള്‍ കൂടി നമ്മുടെ ഷോപ്പിങ്ങില്‍ ഉള്‍പ്പെടുത്താം. റെസ്റ്റൊരന്റില്‌ പണം കൊടുക്കുന്നല്ലോ എന്ന് കരുതി ആവശ്യത്തില്‍ അധികം ഭക്ഷണം ആവശ്യപ്പെട്ട് അത് പാഴാക്കി കളയുന്നവര്‍ മാറി ചിന്തിക്കണം.വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും അവരുടെതായ പങ്കും വഹിക്കാനുണ്ട്. ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ മിക്കവാറും നഗരങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ഉണ്ട്. ഒരു ഫോണ്‍ കോളിന്റെ കാര്യമേ ഉള്ളൂ അവര്‍ നിങ്ങളെ തേടി എത്താന്‍. ആരാധനാലയങ്ങളില്‍ നാം ചൊരിയുന്ന പണത്തെക്കാള്‍ ഒരു മുഴം മുന്‍പില്‍ തന്നെയായിരിക്കും ഈ ദാനധര്‍മങ്ങളുടെ സ്ഥാനം. കൃത്യമായി 'വേസ്റ്റ് ഓഡിറ്റ്‌' നടത്തിയും ഈ ദുര്ചെലവുകള്‍ കുറക്കാന്‍ സാധിക്കും. ലോകരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ കൂടുതല്‍ വ്യക്തമായ കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും സന്നദ്ധപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം മാത്രമല്ല ഈ ധൂര്‍ത്ത് ഒഴിവാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍. വിളകളുടെ ഉല്‍പാദനത്തിന് ചിലവാക്കുന്ന ഊര്‍ജം, ജലം തുടങ്ങിയവയുടെ സംരക്ഷണവും തല്‍ഫലമായി സാധ്യമാകും.ഭൂനിലങ്ങളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്താനും സാധിക്കും.
ഭക്ഷണം ബാക്കി വച്ചാല്‍ കുട്ടികളെ വഴക്ക് പറയുന്ന ഏറെ വിദൂരമല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ സ്വന്തം അടുക്കളയില്‍ 'ഇവന്റ് മാനേജ്‌മന്റ്‌' നടത്തുന്ന സമൂഹത്തിനു ഭക്ഷണം എന്നത് ഒരു 'എന്റര്‍ടെയിന്‍മെന്റ്' ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ചെറിയൊരു ഉദാഹരണം പറഞ്ഞു അവസാനിപ്പിക്കാം. പിറന്നാള്‍ ആഘോഷം എന്ന പേരില്‍ പങ്കെടുക്കുന്നവരെയെല്ലാം അടി മുതല്‍ മുടി വരെ കേക്കില്‍ കുളിപ്പിക്കുന്ന ഒരു വിനോദത്തില്‍ നമ്മളില്‍ മിക്കവാറും എല്ലാവരും പങ്കെടുത്തുകാണും. ഒരു ദിവസം പിഞ്ചുകുഞ്ഞുങ്ങളടക്കം  ശരാശരി 25000 പേര്‍ പട്ടിണി കൊണ്ട് മരിക്കുന്ന ഒരു ലോകത്താണ് നാം ഈ ദുര്‍വ്യയം നടത്തുന്നത്. ഇനിയും എത്രയോ ഉദാഹരണങ്ങള്‍ വേറെയും ഉണ്ട്. ഇതൊക്കെ  വായിച്ചു കഴിഞ്ഞു ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും 'ഇവനെപ്പോലുള്ളവരൊക്കെ വല്ല ശിലായുഗത്തിലും ജനിക്കേണ്ടതായിരുന്നു, ജീവിതം ആസ്വദിക്കാന്‍ പഠിക്കാത്ത വര്‍ഗം എന്ന്'. പക്ഷെ പണത്തിനു മീതെ പരുന്തും പറക്കാത്ത കാലത്ത് നല്ല ജീവിതസാഹചര്യങ്ങളില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം ആഘോഷിക്കാന്‍ അവസരങ്ങള്‍ കിട്ടുന്നവരാണ് നാം. സൊമാലിയയിലെയും എത്യോപിയയിലെയും വരണ്ട മരുഭൂമികളില്‍ ജനിച്ചവരും ഭൂമിയുടെ അവകാശികള്‍ ആണ് എന്നതിന്റെ ഓര്‍മപ്പെടുത്തലുകള്‍ ആയി ഇതിനെ കാണാന്‍ നാം ശ്രമിക്കണം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ മൊത്തം ജനസംഖ്യ  10 ബില്യണ്‍ കവിയാന്‍ പോകുന്നു. വരും തലമുറയ്ക്കുള്ള കരുതല്‍ കൂടിയാവണം ഈ ഓര്‍മപ്പെടുത്തലുകള്‍.