അതിരുകൾ ഭേദിച്ച് ഉയരുന്ന ഇന്ധന വില

0

ഇന്ത്യയിൽ ഇന്ധന വില ഉയരുന്നത് പുതുമയല്ല. ഒരു ശീലമാണ് അല്ലെങ്കിൽ ഒരു നടപ്പ് ദീനമാണ്. അധികാരത്തിൽ എത്തുന്നതിന് മുമ്പ് പ്രതിപക്ഷത്തിരിക്കുമ്പോൾ പല തരത്തിലുമുള്ള സമരാഭാസങ്ങൾ നടത്തിയവരാണ് ഇപ്പോൾ പകൽക്കൊള്ളയ്ക്ക് നേതൃത്വം നൽകുന്നത് എന്നത് വിസ്മയിപ്പിക്കുന്ന യാഥാർത്ഥ്യം തന്നെ. അന്ന് കാളവണ്ടി വലിച്ചും പലവിധത്തിലുള്ള കോപ്രായങ്ങൾ കാണിച്ചും എന്നെങ്കിലും അധികാരത്തിലെത്തുമ്പോൾ ഇന്ധന വില ലിറ്ററിന് അമ്പത് രൂപയിൽ താഴെ എത്തുമെന്നും ഉറപ്പ് പറഞ്ഞവരാണ് ഇപ്പോൾ ഒരു ന്യായീകരണവുമില്ലാതെ അനുദിനം വില ഉയർത്താൻ ഒത്താശ ചെയ്തു കൊണ്ടിരിക്കുന്നത്.

അവിടെ കൂടുമ്പോൾ അത്രയൊന്നും ഇവിടെ കൂടുന്നില്ല എന്നും യഥാർത്ഥത്തിൽ കൂടുന്നതോ കുറയുന്നതോ അല്ല വിഷയമെന്നുമൊക്കെ തട്ടിവിടുന്ന മന്ത്രി പുംഗവൻമാരും നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അവർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല എന്നതാണ് വാസ്തവം. ചിലരാകട്ടെ കക്കൂസ് ഉണ്ടാക്കാനാണ് വില ഉയർത്തുന്നത് എന്ന വായ്ത്താരിയുമായി രംഗത്തുണ്ടായിരുന്നു. വില കൂട്ടിയാൽ ഉപഭോഗം കുറയുമെന്നും അതുവഴി നല്ല നാളുകൾ വരികയാണെന്നും പറയുന്ന ന്യായീകരണ വിശാരദന്മാരും നാട്ടിൽ വിലസിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഭരണ പരമായ തമാശകൾ മാത്രമാണെന്ന് പാവം വോട്ടർമാർ വിശ്വസിക്കേണ്ടിയിരിക്കുന്നു.

കോർപ്പറേറ്റുകൾ അജണ്ട നിർണയിക്കുന്ന നാട്ടിൽ ഇതല്ല, ഇതിലപ്പുറവും നടക്കും എന്നത് തന്നെയാണ് യാഥാർത്ഥ്യം. പൊതുജനം എന്ന കഴുതകൾ എത്ര ദുരിതമനുഭവിച്ചാലും അംബാനി, അദാനിമാർ തടിച്ചു കൊഴുത്തു നാടിൻ്റെ അഭിമാന സ്തംഭങ്ങളായി ഉയരുന്നുണ്ടെന്ന് ഉറ്റമിത്രങ്ങളായ കേന്ദ്ര ഭരണാധികാരികൾക്ക് ചാരിതാർത്ഥ്യമടയാം. ആകാശത്തോളമുയരുന്ന ഇന്ധന വിലയിൽ ഇനിയും എന്തെങ്കിലും പറയുന്നതിലോ പ്രതിഷേധിക്കുന്നതിലോ അർത്ഥമില്ലെന്ന് തന്നെയാണ് ഭരണാധികാരികൾ നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.