ഉത്ര കേസ്: ഉദാത്തമായ ഉത്തരവാദിത്ത ബോധം

0

ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ച കോടതി യഥാർത്ഥത്തിൽ മരണം വരെയുള്ള കാരാഗൃഹ വാസമാണ് പ്രതിക്ക് ഉറപ്പ് വരുത്തിയിട്ടുള്ളത്. ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയ കേരള പൊലീസ് ശ്ലാഘനീയമായ ശാസ്ത്രീയ അന്വേഷണം നടത്തിയാണ് ചുരുങ്ങിയ കാലം കൊണ്ട് കേസിന് പരിസമാപ്തി ഉണ്ടാക്കിയിട്ടുള്ളത്.

ഈ കേസ് തെളിയിക്കുന്നത് കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇത്തരം കേസുകളിൽ സാധാരണയായി ഉണ്ടാകാറുള്ള കാല താമസം ഉണ്ടായില്ല എന്നത് പ്രശംസനീയമായ കാര്യം തന്നെയാണ്. അന്വേഷണത്തിലുണ്ടാകുന്ന കാലവിളംബം പലപ്പോഴും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കുന്നത് മുൻപ് പതിവ് സംഭവങ്ങളായിരുന്നു. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ കാണിച്ച ആത്മാർത്ഥതയും എടുത്ത് പറയേണ്ടതാണ്. കേരളം പ്രതീക്ഷിച്ചത് അപൂർവ്വമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് ക്യാപ്പിറ്റൽ പണിഷ്മെൻ്റ് നൽകുമെന്നായിരുന്നു.

വധശിക്ഷക്ക് സമാനമായ ജീവപര്യന്തം ശിക്ഷ തന്നെയാണ് കോടതി വിധിച്ചിട്ടുള്ളത് എന്നത് കുറ്റവാളികൾക്കുള്ള താക്കീത് തന്നെയാണ്. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധമാണെന്ന് നാം എന്നും പറയാറുള്ളതാണ്. എന്നാൽ ഉത്ര വധക്കേസിൽ ഇരയുടെ വീട്ടുകാർക്ക് നീതി വൈകി എന്ന് കുറ്റപ്പെടുത്താൻ കഴിയുകയില്ല. കേരളാ പോലീസിൻ്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി തുന്നിച്ചേർത്തതാണ് ഉത്രവധക്കേസ് എന്ന് നിസ്സംശയം പറയാം. ഒരു വധശിക്ഷ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ഉത്രയുടെ കുടുംബം അപ്പീൽ നൽകാനുള്ള ആലോചനയിലാണ്. കേരളത്തിൻ്റെ പൊതു മനസ്സ് ഈ ആവശ്യത്തോടൊപ്പം തന്നെയാണെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.