വരവായി, നാടകവണ്ടികള്‍

0

 

കാണികളുടെ അഭാവവമാണ് പലപ്പോഴും പരീക്ഷണ നാടകവേദി നേരിടുന്ന മുഖ്യപ്രതിസന്ധികളിലൊന്നായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കാഴ്ചക്കാരില്ലാത്ത കലാരൂപത്തിന് സാമ്പത്തിക പിന്തുണ നേടിയെടുക്കലും എളുപ്പമല്ലല്ലോ.

എന്തുകൊണ്ടാണ് കാണികളില്ലാത്തത്? കാണികള്‍ എവിടെപ്പോവുന്നു? ഇതിനുകാരണക്കാര്‍ ദൃശ്യമാധ്യമങ്ങളാണോ? സിനിമയാണോ? അതോ കമേഴ്സ്യല്‍ നാടകവേദിയാണോ, തുടങ്ങിയ ചര്‍ച്ചകള്‍ എമ്പാടും നടക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് 2010ല്‍ തിരുവനന്തപുരത്തെ ‘അഭിനയ നാടകകേന്ദ്രം’ നാടകത്തെ എന്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ എത്തിച്ചു കൂടാ എന്ന ചിന്തയുമായി പുതിയൊരു പദ്ധതി നടപ്പിലാക്കാന്‍ തുനിഞ്ഞത്. ഗൌരവകരമായ നാടകപ്രവര്‍ത്തനങ്ങള്‍ പൊതുവേ നഗരകേന്ദ്രീകൃതമാകുന്ന പ്രവണത ഈയടുത്ത കാലത്ത് വര്‍ധിച്ചുവരികയാണല്ലോ. പ്രത്യേകിച്ച് മെട്രോനഗരങ്ങളില്‍. ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്കിലും ചെറിയതോതില്‍ നടക്കുന്നില്ലെന്നല്ല. സാധാരണ ഗതിയില്‍, പൊതുവേ പ്രധാനപ്പെട്ട നാടകസംഘങ്ങള്‍ക്കേ മെട്രോനഗരങ്ങളിലെയോ വിദേശങ്ങളിലെയോ വേദികളില്‍ നാടകമവതരിപ്പിക്കാന്‍ അവസരം കിട്ടാറുളളൂ.