സിംഗപ്പൂരില്‍ രണ്ടാം കവിതാ ദിനം ആചരിച്ചു.

0

സിംഗപ്പൂര്‍: തുടര്‍ച്ചയായ രണ്ടാം തവണയും സിംഗപ്പൂരില്‍ മലയാളകവിതാദിനം ആചരിച്ചു. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് സിംഗപ്പൂരിലെ സാഹിത്യ സ്നേഹികള്‍ ഈ ദിനത്തെ വരവേറ്റത്.

മലയാള ഭാഷയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും അകന്നു പോകുന്ന യുവതലമുറയെ തിരിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കവിതയെ ഗൌരവപൂര്‍വം സമീപിക്കുന്ന വായനക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയ കാവ്യകേളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മലയാള കവിതാ ദിനമെന്ന ആശയം ഉരുത്തിരിഞ്ഞത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച വീണപൂവ്‌ പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ധനു-1 കവിതാ ദിനമായി തിരഞ്ഞെടുത്തത്‌. പങ്കെടുക്കുന്നവരുടെ സൗകര്യം കണക്കിലെടുത്ത് പരിപാടി ഒഴിവു ദിവസമായ ഞായറാഴ്ച ആചരിക്കുകയായിരുന്നു.

ലിറ്റില്‍ ഇന്ത്യയില്‍ വച്ച് നടന്ന അനൌപചാരികമായ ചടങ്ങില്‍ മഹാകവി കുമാരനാശാന്റെ കൃതികളെ കുറിച്ചും ജീവിതത്തെക്കുറിച്ചും  വിശദമായി ചര്‍ച്ച ചെയ്തും; നമ്മുടെ കാവ്യ സന്പത്ത്, കാലം കവിതകളില്‍ വരുത്തുന്ന മാറ്റം, ഭാഷാസ്നേഹം, യുവതലമുറയിലെ സാഹിത്യ വാസന, വായനാശീലം തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കു വച്ചും, കവിതകള്‍  ആലപിച്ചും, സിംഗപ്പൂരിലെ കവിതാപ്രേമികള്‍ കവിതാ ദിനത്തെ മനോഹരമാക്കി.

കവി ഡി സുധീരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രമോദ് ആര്‍.ബി  'മഹാകവി: ജീവിതവും കവിതകളും' എന്ന വിഷയത്തില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ക്യാപ്റ്റന്‍ കെ എ പിള്ള,  പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ് കുമാര്‍, ഇതളുകള്‍ ചീഫ് എഡിറ്റര്‍ സത്യന്‍, യുവകവികളായ വെണ്മണി ബിമല്‍രാജ്, പനയം ലിജു, നിയാസ്, കൃഷ്ണലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.