മൂവി റിവ്യു: കൊച്ചടയാന്‍

0

നല്ല കഥ, തിരക്കഥ അതിനേക്കാള്‍ നല്ലത്, സംഭാഷണം ഗംഭീരം, ഗാനരചന അതിമനോഹരം, സംഗീതം അലൗകികം, നൃത്തം അതിസുന്ദരം….അതെ സൗന്ദര്യയുടെ കൊച്ചടയാന് ഒരേ ഒരു കുറവൊഴിച്ചാല്‍ മറ്റെല്ലാം മികച്ചതാണ്. ആ ഒരു കുറവ് പക്ഷെ അനിമേഷനായിപ്പോയി…അതും ഒരു അനിമേഷന്‍ ചിത്രത്തില്‍! ഇന്ത്യയില്‍ ഇങ്ങനെയൊന്ന് ആദ്യമാണെങ്കിലും മികച്ച അനിമേഷന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഒരഭിപ്രായമേയുള്ളൂ – അനിമേഷന്‍ പരിതാപകരം.

പണ്ടുകാലത്തെ രണ്ടു നാട്ട് രാജ്യങ്ങള്‍ കോട്ടപട്ടണം, കലിംഗ പുരം. ഭരിക്കുന്നത് ക്രൂരരായ രാജാക്കന്മാര്‍. കോട്ടപട്ടണത്തിലെ വീര പടനായകന്‍ കൊച്ചടയാന്‍റെ കൊലപാതകത്തിന് പകരം ചോദിക്കാനെത്തുന്ന മകന്‍ രണവീരന്‍. കൂട്ടുകാരി ശത്രുരാജ്യത്തെ രാജകുമാരി വദന. രജനികാന്ത്, ദീപിക, നാസര്‍, ജാക്കി ഷ്രോഫ് എന്നിവരെ കൂടാതെ കൊച്ചടയാന്‍റെ ഭാര്യയായി ശോഭന എത്തുന്നു.

ധീരതയുടെയും പകയുടെയും സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥ. സാധാരണ രീതിയില്‍ എടുത്തിരുന്നെങ്കില്‍ എല്ലാം തികഞ്ഞ ഒരു രജനി ചിത്രമായി മാറിയേനെ ഇത്. രജനിയുടെ സ്റ്റൈലും ദീപികയുടെ സൗന്ദര്യവും ചേര്‍ന്ന ഒരു കംപ്ലീറ്റ്‌ ചിത്രത്തിന് പകരം മോശം അനിമേഷനിലൂടെ വികൃതമായ കഥാപാത്രങ്ങള്‍ ചേര്‍ന്ന് വെറും ഒരു കാര്‍ടൂണ്‍ ചിത്രമായിപ്പോയി ഇത്. പ്രത്യേകിച്ചും ദീപികയുടെ മുഖം പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു.

പെര്‍ഫോര്‍മന്‍സ് ക്യാപ്ച്ചര്‍ വിദ്യയിലൂടെയാണ് ചിത്രം എടുത്തിരിക്കുന്നത്. കണ്ടാല്‍ തോന്നില്ലെങ്കിലും ജെയിംസ് കാമറൂണ്‍ ഇതേരീതിയില്‍ എടുത്ത ചിത്രമാണ്‌ ‘അവതാര്‍’. പക്ഷേ കൊച്ചടയാന്‍ ‘അവതാള്‍’ ആയി എന്നു മാത്രം. പൂര്‍ണമായും മനുഷ്യരായ കഥാപാത്രങ്ങള്‍ക്ക് എന്തിനു ഈ രീതി അവലംബിച്ചു എന്നു മനസ്സിലാകുന്നില്ല. സാധാരണയായി ഈ വിദ്യ പ്രയോഗിക്കുന്നത് അതിമാനുഷാരോ അമനുഷാരോ ആയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. എങ്കിലും നമ്മള്‍ കണ്ട ഒരു ഹോളിവുഡ് ഫിലിമിലും ഇത്രയും അണ്‍ റിയല്‍ കാര്‍ടൂണ്‍ ലുക്കുള്ള മോഷന്‍ ക്യാപ്ച്ചര്‍ കഥാപാത്രങ്ങള്‍ ഇല്ല. ഉദാഹരണത്തിന് പതിനെട്ടുകൊല്ലങ്ങള്‍ക്ക് മുന്‍പിറങ്ങിയ ‘ദ മമ്മി’ യിലെ മമ്മി പോലും ഏറെ മികച്ചു നില്‍ക്കുന്നു. മോഷന്‍ ക്യാപ്ച്ചര്‍ ഉപയോഗിച്ച് ഗ്രാഫിക്സ് ബാക്ക്ഗ്രൌണ്ട് ചേര്‍ത്ത് എടുത്ത അന്നത്തെ കാലത്തെ മമ്മിയുടെ ഏഴയലത്ത് വരില്ല ഇന്നത്തെ കൊച്ചടയാന്‍.

വീണ്ടും ചിത്രത്തിലേക്ക് വരാം. എ ആര്‍ റഹ്മാന്‍റെ മാസ്മരിക സംഗീതവും അതിനൊത്ത അര്‍ത്ഥവത്തായ വരികളും ചേരുമ്പോള്‍ മേല്‍പറഞ്ഞ കുറവുകളൊക്കെ പ്രേക്ഷകര്‍ മറക്കുന്നു. നൃത്തസംവിധാനം മൊത്തത്തില്‍ മികച്ചുനില്‍കുമ്പോള്‍ ശോഭന-രജനി ജോഡിയുടെ നൃത്തം ഗംഭീരമായിരിക്കുന്നു. നാഗവല്ലി-രാമനാഥ നൃത്തം ഓര്‍മ്മവന്നു. രജനിയുടെ ഡയലോഗ്സ് കുറിക്കുകൊള്ളുന്നതും പ്രേക്ഷകരെ ഹരംകൊള്ളിക്കുനതുമാണ്. ഇങ്ങനെ തുടക്കത്തില്‍ നിരാശനായിരുന്ന പ്രേക്ഷകന്‍ പതുക്കെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതെ…കണ്ടുകഴിയുമ്പോഴേക്കും പ്രേക്ഷകന് ഈ ചിത്രത്തെ വെറുക്കാനോ ഇഷ്ടപ്പെടാതിരിക്കാനോ ആവില്ല, അതിനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്.

സൈഡ് കട്ട്: ദീപികയുടെ അനിമേഷന്‍ രൂപം കണ്ടിട്ടും സൗന്ദര്യയോട് ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കവുമെങ്കില്‍ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല… അനിമേഷനൊഴികെ എല്ലാം കൊണ്ടും ഇതൊരു രജനി ചിത്രം തന്നെയാണ്.