സിംഗപ്പൂരില്‍ നിങ്ങള്‍ക്ക് പി ആര്‍ (SPR) ലഭിക്കാന്‍ സാദ്ധ്യതയുണ്ടോ ?

0

സിംഗപ്പൂര്‍ : നാഷണല്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ടാലെന്റ്റ്‌ ഡിവിഷന്‍ എന്ന് പ്രസിദ്ധീകരിച്ച സിംഗപ്പൂരിലെ ഇപ്പോഴത്തെ ജനസംഖ്യാ കണക്കുകളില്‍ നിന്നും സിംഗപ്പൂരില്‍ 527,700 പെര്‍മനന്റ് റെസിടന്റ്സ് (PR) നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നു.സിംഗപ്പൂരില്‍ കുടുംബസമേതം താമസിച്ച്  കൂടുതല്‍ കാലയളവില്‍ ജോലി ചെയ്യുന്നവര്‍ക്കും ,സിംഗപ്പൂര്‍ പൗരത്വം എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും അത്യാവശ്യമായ ഒന്നാണ് സിംഗപ്പൂര്‍ പി ആര്‍ .എന്നാല്‍ ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളിലെപ്പോലെ വ്യക്തമായ പോയിന്‍റുകള്‍ നേടി പി ആര്‍ ലഭിക്കുന്നത് അത്ര എളുപ്പമല്ല സിംഗപ്പൂരില്‍ .സിംഗപ്പൂര്‍ പി ആര്‍ ലഭിക്കാനുള്ള കൃത്യമായ മാനദന്ധം ഇപ്പോഴും അവ്യക്തമാണ് .

ഇപ്പോഴുള്ള പി ആര്‍ സംഖ്യയിലും മുകളില്‍ പെര്‍മനന്റ് റെസിടന്റ്സ് നല്‍കാന്‍ തല്‍ക്കാലം സിംഗപ്പൂര്‍ തീരുമാനിച്ചിട്ടില്ല .എന്നാല്‍ പി ആര്‍ റദ്ദു ചെയ്തു പോകുന്നവര്‍ക്ക് പകരം പി ആര്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു .വര്‍ഷത്തില്‍ 30,000 പി ആര്‍ വരെ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം .

ഇത്തരത്തില്‍ നിങ്ങള്ക്ക് പി ആര്‍ ലഭിക്കാനുള്ള സാധ്യത പരിശോധിക്കാം .നിലവിലെ സിംഗപ്പൂരിലെ ജനസംഖ്യാ  കണക്കുകള്‍ക്ക്‌ ആനുപാതികമായി അപഗ്രഥിച്ചാല്‍ വര്‍ഷത്തില്‍ 3000 ഇന്ത്യക്കാര്‍ക്ക് വരെ പി ആര്‍ ലഭിക്കുമെന്ന് കണക്കാക്കാം .നിലവില്‍ സിംഗപ്പൂരില്‍ പൌരത്വമോ ,പി .ആറോ ഇല്ലാത്ത 1.5 ലക്ഷം ഇന്ത്യക്കാര്‍ വരെ ഉണ്ടാകുമെന്ന് പലവിധ കണക്കുകളില്‍ നിന്ന് മനസ്സിലാക്കാം  .ഇതില്‍ 46% വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവരാണ് .ഇവര്‍ക്ക് നിലവില്‍ സിംഗപ്പൂരില്‍ പി ആറിനു അപേക്ഷിക്കാന്‍ അനുമതിയില്ല .എസ് പാസ്സ് (S Pass),എംപ്ലോയ്മെന്റ് പാസ്സ് (EP ) എന്നിവര്‍ക്കാണ് കൂടുതലായി പി ആര്‍ അപേക്ഷിക്കാന്‍ സാധിക്കുന്നത്‌ .ബിസിനസ് ചെയ്യുന്നവര്‍ക്കും മറ്റും പി ആറിനു അപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട് .

ഈ കണക്കുകള്‍ പ്രകാരം ഏകദേശം 30,000 ഇന്ത്യക്കാര്‍ക്ക്  പി ആര്‍ അപേക്ഷിക്കുവാന്‍ അര്‍ഹതയുടെന്നു  അനുമാനിക്കാം .അതില്‍ ഏകദേശം 3,000 പേര്‍ക്ക് മാത്രമേ പി ആര്‍ ലഭിക്കുവാനുള്ള സാധ്യത ഇപ്പോഴുള്ളൂ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു .എന്നാല്‍ അര്‍ഹതയുള്ളവര്‍ എല്ലാം പി ആറിനു അപേക്ഷിക്കുവാനുള്ള സാധ്യത വിരളമാണ് .അതുകൊണ്ട് അപേക്ഷിക്കുന്നവരില്‍ 10% മുതല്‍ 30% പേര്‍ക്ക് വരെ പി ആര്‍ ലഭിക്കുമെന്ന് കണക്കാക്കാം .ഉയര്‍ന്ന ശമ്പളം , സിംഗപ്പൂരിലെ ജോലിപരിചയം , വിദ്യാഭ്യാസം ,പ്രായം ,കുടുംബസമേതമാണോ എന്നിങ്ങനെ വളരെയേറെ കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും അപേക്ഷകരില്‍ നിന്ന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത് .

മുകളില്‍ നല്‍കിയ കണക്കുകള്‍ ഏകദേശ കണക്കുകള്‍ അപഗ്രഥിച്ചു പ്രസിദ്ധീകരിക്കുന്നതാണ്  .യഥാര്‍ത്ഥ കണക്കുകള്‍ സിംഗപ്പൂര്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമല്ല .സിംഗപ്പൂരില്‍ എംപ്ലോയ്മെന്റ് പാസ്സില്‍ 6 മാസവും ,എസ് പാസ്സില്‍ 2 വര്‍ഷവും ജോലി ചെയ്തവര്‍ക്കും പി ആറിനു അപേക്ഷിക്കാന്‍ കഴിയും .എന്നാല്‍ സിംഗപ്പൂരില്‍ ഉപരിപഠനം നടത്തി ജോലി നേടിയവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കാറുണ്ട് . അതുകൊണ്ട് സിംഗപ്പൂരില്‍ പി ആര്‍ ലഭിക്കുന്നത് മറ്റു പല രാജ്യങ്ങളെ വച്ച് എളുപ്പമായിരിക്കില്ല എന്നുവേണം മനസ്സിലാക്കാന്‍ .