സ്വജീവന്‍ പണയം വെച്ച് കുരുന്നുജീവന്‍ രക്ഷിച്ചു!

0
 
ഉദാത്തമായ മനുഷ്യസ്നേഹത്തിന് വീണ്ടും ഒരുദാഹരണം. കഴിഞ്ഞ ദിവസം  ജുറോംഗിലെ ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുരുങ്ങികിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു! മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ, ശ്രീ ഷണ്മുഖനാണ് ധീരമായ ഈ കൃത്യം നിര്‍വഹിച്ചത്.
 
ജുറോംഗ് ഈസ്റ്റ് അവന്യു ഒന്നിലെ ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണി കമ്പികള്‍ക്കിടയിലായി ഒരു കൊച്ചുകുഞ്ഞ് തല കുരുങ്ങി തൂങ്ങിക്കിടക്കുന്നത്, ഒരു സ്ത്രീയാണ്  ആദ്യം കണ്ടത്. ആദ്യം രണ്ടുപേര്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍  ശ്രമിച്ചെങ്കിലും  കഴിഞ്ഞില്ല. വീടിനു അടുത്തായി റോഡില്‍ റിപ്പയര്‍ ജോലി ചെയ്യുകയായിരുന്ന മൂന്നു പേരില്‍ ഒരാളായ ശ്രീ ഷണ്മുഖം ഇത് കാണുകയും, ഒട്ടും സമയം കളയാതെ, കുട്ടിയുടെ രക്ഷക്കെത്തുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരാളും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. പ്രസ്തുത രക്ഷാപ്രവര്‍ത്തനത്തിന്‍റെ തല്‍സമയ വിഡിയോ ഷൂട്ട്‌ ചെയ്ത ഒരാള്‍, അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയുണ്ടായി. അഞ്ചാറു മിനിട്ടുകള്‍ക്ക് ശേഷം എസ് സി ഡി എഫ് സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും കുട്ടിയെ താഴെ ഇറക്കുകയും ചെയ്തു.
 
ശ്രീ ഷണ്മുഖത്തിന്റെ ധീരോദാത്തമായ കൃത്യം മാതൃകാപരമാണെന്നും അദ്ദേഹത്തെ  ഉചിതമായ രീതിയില്‍ ആദരിക്കുമെന്നും എസ് സി ഡി എഫ് വൃത്തങ്ങള്‍ അറിയിച്ചു.