ഇനി വീട്ടിലിരുന്നും ചികിത്സ നേടാം, ഡോക്ടറില്‍ നിന്നു നേരിട്ട് തന്നെ, സ്കൈപ്, ടെലെ മെഡിസിന്‍ വഴി.

0

നിങ്ങള്‍ക്ക് പെട്ടന്ന് തലവേദനയോ,  പനിയോ, മറ്റു അസ്വസ്ഥതകളോ അനുഭവപ്പെട്ടാല്‍ വേഗം തന്നെ സ്കൈപ് അല്ലെങ്കില്‍ ഫേസ് ടൈം ഓണ് ചെയ്തു ഓണ്ലൈനില്‍ ഉള്ള ഡോക്ടര്‍ ഏതെന്നു നോക്കി ചികിത്സ നേടാം. ടെലെ മെഡിസിന്‍ വഴി. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ നിങ്ങള്‍ വിവരിക്കുന്നത് അനുസരിച്ചോ, സ്ക്രീന്‍ വഴി നിങ്ങളുടെ അസുഖ ലക്ഷണങ്ങള്‍ കണ്ടു മനസ്സിലാക്കിയോ ഡോക്ടര്‍ മരുന്ന് കുറിക്കും. സമയവും, പണവും ലാഭം മാത്രമല്ല, പ്രാഥമിക ചികിത്സയും ഡോക്ടറില്‍ നിന്നു നേരില്‍ ലഭിക്കും ഇനിമുതല്‍ സ്കൈപ് വഴി. പല രാജ്യങ്ങളിലും സ്കൈപ് മുഖേനയുള്ള ചികിത്സ ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ്, ക്യൂ നില്‍ക്കുക ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും, പണം ലാഭിക്കുകയും ചെയ്യാം. പരിശോധനാ ഫീ മാത്രം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതിയാകും. പകര്‍ച്ച വ്യാധികളും മറ്റുമുള്ള രോഗികള്‍ക്കൊപ്പം ഇരിക്കേണ്ട എന്നൊരു സൗകര്യവും ഇതിനുണ്ട്.

ഇത്തരം ചികിത്സാരീതി ഇതിനു മുന്‍പും ഉണ്ടായിരുന്നു. ദൂര ദേശങ്ങളില്‍, അല്ലെങ്കില്‍ ഉള്‍നാടുകളില്‍ ഡോക്ടര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയില്‍, ഇത്തരത്തില്‍ ചികിത്സിച്ചിരുന്നു. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ആര്‍ക്കും അവരവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നോ, ടാബ്ലറ്റുകളില്‍ നിന്നോ ഇഷ്ടമുള്ള ഡോക്ടറെ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാനും, ചികിത്സ നേടാനും കഴിയുന്നു ടെലെ മെഡിസിന്‍ വഴി.

ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ ഇടങ്ങളിലൊക്കെ വീഡിയോ കോള്‍ വഴി ചികിത്സ പതിവായി കഴിഞ്ഞു. പ്രാഥമിക ചികിത്സ, അടിയന്തിര ചികിത്സ, ദീര്‍ഘ കാലമായുള്ള രോഗത്തിന്‍റെ ചികിത്സ ഇതൊക്കെ ചേര്‍ത്ത് ടെലെ മെഡിസിന്‍ വിപുലപ്പെടുത്തുകയാണ് മേഴ്സി ഹെല്‍ത്ത് സിസ്റ്റം.

ഇതൊക്കെയാണെങ്കിലും പല ഡോക്ടര്‍മാരും, സ്ഥാപനങ്ങളും ഇതിന്‍റെ പെട്ടന്നുള്ള വളര്‍ച്ചയെ വിമര്‍ശനങ്ങളോടെ കാണുന്നുമുണ്ട്. രോഗി, ഡോക്ടറിന്‍റെ അരികില്‍ എത്തി ചികിത്സിക്കുന്നത് കൂടുതല്‍ ഫലപ്രദവും, ആശ്വാസകരവും ആയിരിക്കുമെന്നും, വീഡിയോ കോള്‍ വഴി രോഗനിര്‍ണ്ണയം ചെയ്യുന്നത് തെറ്റാന്‍ ഇടയുണ്ടെന്നുമാണ് ഇവരുടെ പക്ഷം. ഇന്‍ഷുറന്‍സ് ലഭിക്കുന്നില്ല എന്നൊരു പ്രശ്നം ആദ്യമൊക്കെ ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും ഇതുമായി സഹകരിച്ചു തുടങ്ങി.

ഏതായാലും സ്കൈപ് വഴിയുള്ള ചികിത്സ ജനങ്ങള്‍ക്ക് ആശ്വാസകരമാകും എന്നത് ഉറപ്പാണ്. പെട്ടെന്നുള്ള ആശ്വാസം ലഭിക്കുകയും, യാത്ര കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യാം. എങ്കിലും അസുഖത്തിന് കുറവില്ലെങ്കില്‍ നേരിട്ട് ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.