ബ്രസീലില്‍ വന്‍ ഖനന ദുരന്തം

0

മനുഷ്യന്‍റെ അമിത ചൂഷണത്തിനും അശ്രദ്ധയ്ക്കും  മറ്റൊരു ഉദാഹരണം കൂടി; ബ്രസീലിലെ ഇരുമ്പയിര് ഖനനകേന്ദ്രത്തിലെ ഡാമുകള്‍ തകര്‍ന്ന് വന്‍ പരിസ്ഥിതി ദുരന്തം.

ഖനനാവശിഷ്ടങ്ങളും  മലിന ജലവും  സംഭരിച്ച ഡാമുകളാണ്  തകര്‍ന്നത്. നവംബര്‍  5 നാണു  സംഭവം നടന്നത്. ഖനനം മൂലം ഡാമിന് ബലക്ഷയം സംഭവിച്ചതാണ്  ദുരന്ത കാരണം എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മണ്ണൊലിപ്പുമുണ്ടായി. സംഭവത്തില്‍ 13 പേര്‍ മരിക്കുകയും 11പേരെ കാണാതാവുകയും 600ഓളം പേര്‍ക്ക് വീടുകള്‍  നഷ്ടപ്പെടുകയും  ചെയ്തു.

മനുഷ്യ നാശത്തിനെക്കാളുപരി  അതി ഭീകരമായ പാരിസ്ഥിതികാഘാതമാണ്  ഇതുമൂലം സംഭവിച്ചിരിക്കുന്നത്. ഖനന കേന്ദ്രത്തിനു  ചുറ്റുമുള്ള  പ്രദേശങ്ങളെല്ലാം  ചെളിക്കടല്‍  ആയിക്കഴിഞ്ഞു. 440 കി. മീ ഓളം വ്യാപിച്ച് അറ്റ്ലാന്റ്റിക്  സമുദ്രം  വരെ എത്തിച്ചേര്‍ന്നിരിക്കുന്നു  ഈ ചെളി. മണ്ണും  ജലവും വിഷമയമായിത്തീര്‍ന്നു. ബ്രസീലിലെ മുഖ്യ ജലസ്രോതസ്സുകളിലൊന്നായ  റിയോ ഡോസീ  നദി മലിനീകരിക്കപ്പെട്ടതു മൂലം ശുദ്ധജല ലഭ്യത ഏതാണ്ടില്ലാതായെന്നു പറയാം.മാത്രമല്ല,നദിയിലെ മല്‍സ്യങ്ങളെല്ലാം  ചത്തുപൊങ്ങി .അവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു  മത്സ്യബന്ധനം. എന്തിനധികം,കടലിനു പോലും ചെളി നിറമാണ്.   

പ്രദേശത്തെ മണ്ണില്‍  നിന്ന് ആര്‍സെനിക് ,മെര്‍കുറി  തുടങ്ങിയ വിഷ മൂലകങ്ങള്‍  കണ്ടെത്തിയതിനെ തുടര്‍ന്ന്  പരിസ്ഥിതി വകുപ്പ് കമ്പനിക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഖനന ഭീമന്മാരായ  BHP Billiton ,Vale  S A  എന്നിവരുടെ  സംയുക്ത  സംരംഭമായിരുന്ന ഖനനകേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല തദ്ദേശീയ കമ്പനിയായ Samarco  യ്ക്കാണ് . ഡാമിന്‍റെ സുരക്ഷാ വീഴ്ചയില്‍  Samarco  യും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാരും  നിശിതമായി വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. 720  കോടി ഡോളര്‍  നഷ്ടപരിഹാരം ആവശ്യപ്പെട്ടു  ബ്രസീല്‍ ഗവണ്‍മെന്‍റ്  കേസ് ഫയല്‍ ചെയ്തിട്ടുണ്ട് . കേവലമായ അശ്രദ്ധ കൊണ്ട് മനുഷ്യനും പരിസ്ഥിതിക്കും ഉണ്ടായ നാശനഷ്ടം  നികത്താന്‍ വര്‍ഷങ്ങള്‍  വേണ്ടിവരും.   
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.